പലസ്തീന് 10 ലക്ഷം വാക്സിൻ നല്‍കുമെന്ന് ഇസ്രയേൽ
Friday, June 18, 2021 11:05 PM IST
ജറുസലേം: പലസ്തീന് അടിയന്തര സഹായമായി 10 ലക്ഷം കോവിഡ് വാക്സിൻ നല്‍കുമെന്ന് ഇസ്രയേൽ. ഇസ്രയേലിന്റെ പുതിയ പ്രധാനമന്ത്രി നഫ്ത്താലി ബെന്നറ്റിന്റെതാണു വാഗ്ദാനം.
വാക്സിൻ ലഭിക്കുന്പോൾ തിരികെ നൽകണമെന്ന വ്യവസ്ഥയിലാണ് സഹായം. റഷ്യയിൽനിന്നു കപ്പലിൽ ഈ വർഷം എത്തിയ വാക്സിനുകൾ കാലാവധി അവസാനിക്കുന്നതിനുമുന്പ് പലസ്തീനു നല്‍കാനാണു തീരുമാനമെടുത്തതെന്നു പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒക്ടോബറിൽ തിരിച്ചുനല്‍കണമെന്ന വ്യവസ്ഥയിലാണ് വാക്സിൻ കൈമാറ്റം. പലസ്തീൻ ആരോഗ്യമന്ത്രാലയം ഈ കരാർ അംഗീകരിച്ചതായാണു സൂചന.
ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ കപ്പലിൽ വാക്സിൻ എത്തിക്കാനുള്ള നടപടിയെടുക്കുമെന്ന് ഇസ്രയേൽ അറിയിച്ചു. വെസ്റ്റ്ബാങ്കിലെ മൂന്നുലക്ഷം പേർക്കും ഗാസയിലെ അരലക്ഷം പേർക്കും വാക്സിൻ നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പേരിൽ വാക്സിനേഷൻ നടത്തിയെന്ന യുഎൻ പ്രശംസ പിടിച്ചുപറ്റിയ രാജ്യമാണ് ഇസ്രയേൽ. ഇസ്രയേലിൽ മാസ്ക് നിർബന്ധമില്ല. സ്കൂളുകളും വ്യാപാരസ്ഥാപനങ്ങളും പഴയതുപോലെ പ്രവർത്തിച്ചുതുടങ്ങി.