ഇറ്റലിയിൽ ഉരുൾപൊട്ടലിൽ 12 പേരെ കാണാതായി
Sunday, November 27, 2022 12:21 AM IST
മിലാൻ: തെക്കൻ ഇറ്റലിയിലെ ദ്വീപ്നഗരമായ ഇഷിയയിൽ കനത്ത മഴയെത്തുടർന്നുള്ള ഉരുൾപൊട്ടലിൽ 12 പേരെ കാണാതായി.
തിങ്കളാഴ്ച രാവിലെയാണ് ഉരുൾപൊട്ടൽ തുറമുഖ നഗരത്തിൽ നാശംവിതച്ചത്. മഴയിലും മണ്ണിടിച്ചിലിലും കെട്ടിടങ്ങൾ തകർന്നുവീണു. കാറുകൾ ഉൾപ്പെടെ വാഹനങ്ങൾ കടലിലേക്ക് ഒഴുകിപ്പോയതായും റിപ്പോർട്ടുകൾ ഉണ്ട്. ആളുകൾ മരിച്ചതായി ഇതുവരെ സ്ഥിരീകരിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചു. എട്ടു പേർ മരിച്ചതായി ഇറ്റാലിയൻ ഉപപ്രധാനമന്ത്രി മറ്റിയോ സാൽവേനി നേരത്തേപറഞ്ഞിരുന്നു.
പത്തു കെട്ടിടങ്ങളെങ്കിലും തകർന്നുവീണതായാണ് റിപ്പോർട്ടുകൾ. നവജാത ശിശുവടക്കം ഒരു കുടുംബത്തെ കാണാതായതായി ആദ്യം സംശയം ഉയർന്നുവെങ്കിലും ഇവരെ പിന്നീട് കണ്ടെത്തി. അഗ്നിശമനസേനയും തീരസംരക്ഷണസേനയും രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥ മൂലം തുടക്കത്തിൽ ഹെലികോപ്റ്ററുകളും ബോട്ടുകളും ഉപയോഗിക്കാൻ കഴിഞ്ഞിരുന്നില്ല.
ജനവാസ മേഖലയായ ഇഷിയയിൽ തീരമേഖലയോട് ചേർന്ന് പർവതങ്ങളും ഉണ്ട്. രാജ്യത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രംകൂടിയാണിത്.