അതു പണമല്ല, മറക്കരുത്: ട്രംപ്
Friday, July 12, 2019 11:05 PM IST
വാഷിംഗ്ടണ്: ക്രിപ്റ്റോകറൻസിയിൽ തനിക്കു വിശ്വാസമില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അത് പണമല്ലെന്നു ചൂണ്ടിക്കാണിച്ച അദ്ദേഹം ക്രിപ്റ്റോകറൻസികളിൽ ആകൃഷ്ടരായി പണം മുടക്കുന്നവർക്ക് മുന്നറിയിപ്പു നല്കുകയും ചെയ്തു.
ഞാൻ ബിറ്റ്കോയിന്റെയോ മറ്റു ക്രിപ്റ്റോകറൻസികളുടെയോ ആരാധകനല്ല. എപ്പോൾ വേണമെങ്കിലും ആവിയായി പോകാവുന്നതാണ് അതിന്റെ മൂല്യം. ഇലക്ട്രോണിക് സ്വഭാവമുള്ളതിനാൽ ക്രിപ്റ്റോകറൻസി കേന്ദ്രങ്ങൾ കണ്ടെത്തുക സാധ്യമല്ല. അതിനാലാണ് അതിനെ നിയമവിരുദ്ധമെന്നു വിളിക്കുന്നത്- അദ്ദേഹം ട്വീറ്റ് ചെയ്തു.
ക്രിപ്റ്റോകറൻസികൾ വളർന്നുതുടങ്ങിയത് 2009ൽ ബിറ്റ്കോയിൻ അവതരിച്ചതിനൊപ്പമാണ്. എന്നാൽ, ഏതാനും ആഴ്ച മുന്പ് സോഷ്യൽ മീഡിയ ഭീമൻ ഫേസ്ബുക്ക് തങ്ങളുടെ വർച്വൽ കറൻസി ലിബ്ര പ്രഖ്യാപിച്ചതു മുതൽ ആഗോള ഫിനാൻഷൽ റെഗുലേറ്റർമാർ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
ഇപ്പോൾ 200 കോടി ഉപയോക്താക്കളുടെ ഫേസ്ബുക്ക് നിരവധി ധനകാര്യ സ്ഥാപനങ്ങളുടെ പിന്തുണയോടെ ആവിഷ്കരിക്കുന്ന ലിബ്ര അടുത്ത വർഷം അവതരിപ്പിക്കുമെന്നാണ് പ്രഖ്യാപനം. എന്നാൽ, ഇത് സാന്പത്തികമേഖലയെത്തന്നെ തകർക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
ഫേസ്ബുക്കിനെയും മറ്റ് കന്പനികളെയും ശാസിക്കാനും ട്രംപ് മറന്നില്ല. ക്രിപ്റ്റോകറൻസി ആവിഷ്കരിക്കുന്പോൾ അമേരിക്കൻ-അന്താരാഷ്ട്ര ബാങ്കിംഗ് നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണെന്നും ട്രംപ് പറഞ്ഞു. നമുക്ക് ഒരു യഥാർഥ കറൻസിയുണ്ട്. ഇത് എന്നത്തേക്കാളും കരുത്തുറ്റത്. അത് യുണൈറ്റഡ് സ്റ്റേറ്റ്സ് ഡോളറാണ്- അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് ലിബ്ര പ്രഖ്യാപിച്ചതിനു പിന്നാലെ ചില അമേരിക്കൻ രാഷ്ട്രീയ പ്രവർത്തകർ ലിബ്ര പൂർണമായും റദ്ദാക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.