ബാറ്ററി നിർമാണം: ആഗോള വന്പൻമാരെ ലക്ഷ്യമിട്ട് ഇന്ത്യ
Tuesday, October 26, 2021 11:15 PM IST
മുംബൈ: രാജ്യത്ത് തദ്ദേശീയ ബാറ്ററിനിർമാണം നടത്താൻ വന്പൻകന്പനികളെ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ.
ഉത്പാദനാധിഷ്ഠിത ആനുകൂല്യം(പിഎൽഐ) ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ടെസ്ല, സാംസംഗ്, എൽജി തുടങ്ങിയ കന്പനികളെ രാജ്യത്തേക്ക് ആകർഷിക്കാനാണു നീക്കം. ഇതിനായി യുഎസ്. ജർമനി,ഫ്രാൻസ്, ദക്ഷിണകൊറിയ, ജപ്പാൻ എന്നീ രാജ്യങ്ങളിൽ അടുത്തമാസം മുതൽ ഇന്ത്യ റോഡ് ഷോ നടത്തും. പാനാസോണിക്, തോഷിബ, നോർത്ത് വോൾട്ട് തുടങ്ങിയ കന്പനികളെയും റോഡ് ഷോയിൽ പങ്കെടുക്കാൻ ക്ഷണിച്ചിട്ടുണ്ട്.
നിലവിൽ ബാറ്ററികൾ ഇറക്കുമതി ചെയ്ത നിർമിക്കുന്നതിനാൽ രാജ്യത്ത് ഇലക്ട്രിക് വാഹന നിർമാണം ചെലവേറിയതാണ്. തദ്ദേശീയ ബാറ്ററി നിർമാണ പ്രോത്സാഹിപ്പിക്കുക വഴി വൈദ്യുത വാഹനങ്ങളുടെ വില കുറച്ച് വിപണി വിപുലമാക്കാമെന്നാണു കേന്ദ്രസർക്കാരിന്റെ കണക്കുകൂട്ടൽ. ഡൽഹി ഉൾപ്പെടെയുള്ള നഗരങ്ങളിലെ മാലിന്യപ്രശ്നങ്ങൾക്കു വൈദ്യുതവാഹനപ്രോത്സാഹനത്തിലൂടെ ഒരു പരിധിവരെ പരിഹാരം കാണാമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു.
അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 50 ജിഗാവാട്ട് മണിക്കൂറിന്റെ (ജിഡബ്ലുഎച്ച്)ബാറ്ററി സംഭരണശേഷി കൈവരിക്കാനാണു ശ്രമം.ഇതിലൂടെ 600 കോടി ഡോളറിന്റെ വിദേശ നിക്ഷേപം രാജ്യത്തെത്തുമെന്നും കേന്ദ്രസർക്കാർ കരുതുന്നു.
അതേസമയം, രാജ്യത്തെ ബിസിനസ് അന്തരീക്ഷം വിദേശ കന്പനികളും സർക്കാരുമായുള്ള കാരാറുകൾ നടപ്പാക്കുന്നതിലെ പരാജയം പലവിദേശ കന്പനികളെയും അകറ്റുന്നുണ്ട്.
അമേരിക്ക,യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളെ അപേക്ഷിച്ച് വൈദ്യുത വാഹനങ്ങൾക്കു ഡിമാൻഡ് കുറവാണെന്നതും ഇന്ത്യയ്ക്കു വെല്ലുവിളിയാകുന്നുണ്ട്.