കണ്‍സ്യൂമര്‍ ഫെഡ് പെട്രോള്‍ പമ്പുകളും ആരംഭിക്കുന്നു
Tuesday, September 9, 2025 10:59 PM IST
കൊച്ചി: വിദേശവിപണി ലക്ഷ്യമിട്ടും സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ തുറക്കുന്നതിനുമുള്ള നീക്കവുമായും കണ്‍സ്യൂമര്‍ ഫെഡ്.
വിപണിയും വരുമാനവും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു പുതിയ ചുവടുവയ്പ്. പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുന്നതിനു മുന്നോടിയായുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തില്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലാണു പെട്രോള്‍ പമ്പുകള്‍ ആരംഭിക്കുക. തുടർന്ന് മറ്റു ജില്ലകളിലും ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി (ഐഒസി) കണ്‍സ്യൂമര്‍ ഫെഡ് ധാരണാപത്രം ഒപ്പുവച്ചു.
വൈകാതെ സ്ഥലം ഐഒസിക്ക് വിട്ടുനല്‍കും. പാലക്കാട് നൂറണിയിലാകും ആദ്യ പമ്പ് ആരംഭിക്കുക. ഇതിനായി പാലക്കാട് കളക്ടറേറ്റില്‍നിന്നുള്ള എന്‍ഒസി ലഭ്യമാകുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. തൃശൂരില്‍ കീച്ചേരിയിലാണു പമ്പ് തുടങ്ങുന്നത്.
കണ്‍സ്യൂമര്‍ഫെഡിന്റെ ഉടമസ്ഥതയിലുള്ള ഉപയോഗശൂന്യമായ സ്ഥലങ്ങളാണ് പമ്പുകള്‍ ആരംഭിക്കുന്നതിന് തെരഞ്ഞെടുക്കുക. മറ്റു ജില്ലകളിലെ സാധ്യതകള്‍ പരിശോധിച്ചുവരികയാണ്.
വ്യാപാര വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് വിപണി അയല്‍സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ ആലോചിക്കുന്നത്. കാനഡ, യുകെ തുടങ്ങിയ രാജ്യങ്ങളാണു നിലവില്‍ പരിഗണനയിലുള്ളത്. ഇതിനുപുറമെ ഗള്‍ഫ് രാജ്യങ്ങളുമായും ചര്‍ച്ചകള്‍ നടക്കുന്നു.
ഫ്രഞ്ചൈസികളാകും ഇവിടങ്ങളില്‍ സ്ഥാപിക്കുക. ത്രിവേണി ഉത്പന്നങ്ങളും പച്ചക്കറികളും ഇതുവഴി ലഭ്യമാക്കുകയാണു ലക്ഷ്യം. ഇതിനായി എക്സ്പോര്‍ട്ട്, ഇംപോര്‍ട്ട് ലൈസന്‍സുകള്‍ കണ്‍സ്യൂമര്‍ ഫെഡ് നേടി. ഓണ്‍ലൈന്‍ വഴിയുള്ള വില്പന വിദേശരാജ്യങ്ങളിലേക്കും വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ തയാറാക്കിവരികയാണ് കണ്‍സ്യൂമര്‍ ഫെഡ്.