പച്ചതൊട്ട് വിപണി
Tuesday, August 5, 2025 12:28 AM IST
മുംബൈ: ഇന്ത്യക്കുമേൽ യുഎസിന്റെ തീരുവ ഭീഷണി നിലനിൽക്കേ ചില മേഖലകളിൽ വാങ്ങൽ പ്രവണത ഉയർന്നതോടെ ഇന്ത്യൻ ഓഹരിവിപണി ഇന്നലെ ഉയർന്നു. മെറ്റൽ, ഐടി, കണ്സ്ട്രക്ഷൻ മേഖലകളിലാണ് വാങ്ങൽ ഉയർന്നത്.
81,018.72ലെത്തിയ ബിഎസ്ഇ സെൻസെക്സ് 481.81 പോയിന്റ് (0.52%) ഉയർന്നു. കഴിഞ്ഞ ദിവസത്തെ ക്ലോസിംഗറായ 80,599.91 നെ അപേക്ഷിച്ച് 30 ഓഹരികളുടെ സൂചിക 80,765.83ൽ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ഐടി, മെറ്റൽ, ഓട്ടോ ഓഹരികളിലെ വാങ്ങലുകൾ മൂലം സൂചിക കൂടുതൽ ഉയർച്ചയിലേക്ക് നീങ്ങി. ഇൻട്രാഡേ ട്രേഡിംഗിൽ ഏറ്റവും ഉയർന്ന നിരക്കായ 81,093.19ലെത്തി. നിഫ്റ്റി 157.40 പോയിന്റ് (0.64%) ലാഭത്തോടെ 24,722.75ലെത്തി.
നാലു ശതമാനത്തിനു മുകളിൽ ഉയർന്ന ഹീറോ മോർട്ടോർകോർപ്, ടാറ്റാ സ്റ്റീൽ, ഭാരത് ഇലക്ട്രോണിക്സ്, ഐഷർ മോട്ടോർസ്, ഹിൻഡാൽകോ ഇൻഡസ്ട്രീസ് എന്നിവയുടെ ഓഹരികളാണ് ഇന്നലെ പ്രധാനമായും നേട്ടം സ്വന്തമാക്കിയത്.
വാങ്ങൽ താത്പര്യങ്ങൾ ഉയർന്നതോടെ മേഖലാ സൂചികകളിൽ നിഫ്റ്റി ഐടി 1.6 ശതമാനവും നിഫ്റ്റി ഓട്ടോ 1.61 ശതമാനവും മുന്നേറി. എന്നാൽ നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഫിനാൻഷൽ സർവീസസ് എന്നിവ സമ്മിശ്രപ്രതികരണത്തിനിടെ മാറ്റമില്ലാതെ നിന്നു.
വാങ്ങൽ താത്പര്യം വിശാല സൂചികകളുടെ മുന്നേറ്റത്തിനുമിടയാക്കി. നിഫ്റ്റി 100 180 പോയിന്റ് (0.72%), നിഫ്റ്റി മിഡ്കാപ് 795 പോയിന്റ് (1.40%), സ്മോൾകാപ് 225(1.27%) എന്നിങ്ങനെയാണ് ഉയർന്നത്.
വിപണിയുടെ തിരിച്ചുവരവിന് കാരണങ്ങൾ
1. ഓട്ടോ ഓഹരികളുടെ നേട്ടം: വാഹനനിർമാതാക്കളുടെ ഓഹരികൾ ഇന്നലെ വൻ നേട്ടമാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ വിൽപ്പന ഉയർന്നതും 2025-26 സാന്പത്തിക വർഷത്തെ ആദ്യപാദത്തിലെ വരുമാന നേട്ടവും നിക്ഷേപകരെ ആകർഷിച്ചു.
ഓഹരി വിലകളിലെ കുത്തനെയുള്ള കുതിപ്പ് നിഫ്റ്റി ഓട്ടോ സൂചികയെ 1.6 ശതമാനത്തിലധികം ഉയർത്തി.
2. മെറ്റൽ സൂചികകളുടെ ഉയർച്ച: നിഫ്റ്റി മെറ്റൽ സൂചിക 2.48 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. മെറ്റൽ സൂചികയിലെ 15 കന്പനികളിൽ 14 എണ്ണവും നേട്ടമുണ്ടാക്കി.
3. ശക്തമായ ആഗോള സൂചനകൾ:
ദക്ഷിണ കൊറിയയിലെ കോസ്പി, ഹോങ്കോംഗിലെ ഹാങ് സെങ്, ഷാങ്ഹായിലെ എസ്എസ്ഇ കോന്പോസിറ്റ് സൂചിക എന്നിവ ഉയർന്ന നിലയിലാണ് വ്യാപാരം നടത്തിയത്. കൂടാതെ, ഏഷ്യൻ വ്യാപാര സമയത്ത് യുഎസ് സ്റ്റോക്ക് ഫ്യൂച്ചറുകൾ പോസിറ്റീവ് ആയി വ്യാപാരം നടത്തി.
4. ക്രൂഡ് ഓയിൽ വിലയിടിവ്: ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് പണപ്പെരുപ്പ ആശങ്കകൾക്ക് ആശ്വാസം നൽകി. ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഓയിൽ 0.23 ശതമാനം ഇടിഞ്ഞ് ബാരലിന് 69.51 ഡോളറിലെത്തി.
5. മോർഗൻ സ്റ്റാൻലിയുടെ നിരീക്ഷണം: ആഗോള ബ്രോക്കറേജായ മോർഗൻ സ്റ്റാൻലി ഇന്ത്യൻ ഓഹരി മാർക്കറ്റുകളെക്കുറിച്ച് ഇന്നലെ പോസിറ്റീവായ നിരീക്ഷണം നടത്തി. 2026 ജൂണോടെ ബെഞ്ച്മാർക്ക് സൂചിക സെൻസെക്സ് ഒരു ലക്ഷം പോയിന്റ് കടക്കുമെന്ന് പ്രസ്താവിച്ചു.