ദലാൽ സ്ട്രീറ്റിൽ ഉത്സവപ്രതീതി
Thursday, October 16, 2025 11:23 PM IST
മുംബൈ: ഇന്നലെത്തെ വ്യാപാര സെഷനിൽ ഇന്ത്യൻ മുൻനിര സൂചികകൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കിയതോടെ, ദലാൽ സ്ട്രീറ്റിൽ ദിവസങ്ങൾക്ക് മുന്പേ ഉത്സവപ്രതീതി. തുടർച്ചയായ രണ്ടാം ദിനമാണ് ഓഹരിവിപണികൾ ലാഭത്തിലെത്തുന്നത്.
ആക്സിസ് ബാങ്കിന്റെ രണ്ടാംപാദഫലങ്ങൾ പുറത്തുവന്നതിനെത്തുടർന്ന് സ്വകാര്യ ബാങ്ക് മേഖലയിൽ കുത്തനെയുണ്ടായ വാങ്ങലാണ് നേട്ടത്തിനു കാരണമായത്. രണ്ടാംപാദത്തിൽ നെസ്ലെ ഇന്ത്യയുടെ മികച്ച പ്രകടനത്തിന്റെ ചിറകിലേറി എഫ്എംസിജി ഓഹരികൾ ഇന്നലെ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മേഖലാ സൂചികയായി.
ആഗോള സൂചികകളിലെ പോസിറ്റീവ് സൂചനകളും ഇന്ത്യ-യുഎസ് വ്യാപാര ചർച്ചയിലെ പ്രതീക്ഷകളും യുഎസ് ഫെഡറൽ റിസവർ നിരക്ക് വെട്ടിക്കുറയ്ക്കുമെന്ന പ്രതീക്ഷകളും ഇന്ത്യൻ ഓഹരിവിപണിയെ സ്വാധീനിച്ചു. വിദേശ നിക്ഷേപകർ വീണ്ടും ഇന്ത്യൻ വിപണിയിലേക്കു തിരിച്ചെത്തിയതും വിപണികളിൽ ശുഭാപ്തി വിശ്വാസം വർധിപ്പിച്ചു.
എഫ്ഐഐകളുടെ തുടർച്ചയായ രണ്ടു ദിവസത്തെ പിൻവലിക്കലുകൾക്കുശേഷം ബുധനാഴ്ച 68.64 കോടി രൂപയുടെ നിക്ഷേപം നടത്തി. ആഭ്യന്തര സ്ഥാപന നിക്ഷേപർ (ഡിഐഐകൾ) 4650.08 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്.
30 ഓഹരികളുടെ ബിഎസ്ഇ സെൻസെക്സ് 862.23 പോയിന്റ് (1.04%) ഉയർന്ന് 83,467.66ലായി വ്യാപാരം പൂർത്തിയാക്കി. വ്യാപാരത്തിനിടെ 1010.05 പോയിന്റ് (1.22%) ഉയർന്ന സൂചിക 83,615.48ലെത്തിയതാണ്.
50 ഓഹരികളുടെ എൻഎസ്ഇ നിഫ്റ്റി 261.75 പോയിന്റ് (1.03%) ലാഭത്തോടെ 25,585.30ൽ ക്ലോസ് ചെയ്തു. നിഫ്റ്റി മിഡ്കാപ് 0.46 ശതമാനവും സ്മോൾകാപ് 0.24 ശതമാനവും നേട്ടമുണ്ടാക്കി.
മേഖലാ സൂചികകളിൽ നിഫ്റ്റി എഫ്എംസിജി 2.02 ശതമാനമുയർന്ന് മികച്ച പ്രകടനം നടത്തി.നിഫ്റ്റി റിയൽറ്റി (1.90%), പ്രൈവറ്റ് ബാങ്ക് (1.48%), കണ്സ്യൂമർ ഡ്യൂറബിൾസ് (1.53%) സൂചികകളും ഉയർന്നു.
ഇന്നലെത്തെ സെഷന്റെ രണ്ടാം പകുതിയിൽ മുന്നേറ്റം നടത്തിയ നിഫ്റ്റി മെറ്റൽ സൂചിക 0.68 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി ഓയിൽ & ഗ്യാസ്, നിഫ്റ്റി ഐടി എന്നിവ യഥാക്രമം 0.54% ഉം 0.37% ഉം ഉയർന്നു. നിഫ്റ്റി ഫിനാൻഷൽ സർവീസസ്, ബാങ്ക് സൂചികൾക്കും നേട്ടമായിരുന്നു. നിഫ്റ്റി പിഎസ്യു ബാങ്ക് (0.44%) മാത്രമാണ് നഷ്ടം നേരിട്ടത്.
ഏഷ്യൻ വിപണികളിൽ ദക്ഷിണകൊറിയയുടെ കോസ്പി 2.49 ശതമാനവും ജപ്പാന്റെ നിക്കീ 1.27 ശതമാനവും മുന്നേറി. ഷാങ്ഹായ് കോന്പോസിറ്റ് സൂചിക 0.10 ശതമാനം ഉയർന്നു. ഹോങ്കോംഗിന്റെ ഹാങ്സെങ് സൂചിക താഴ്ന്നാണ് ക്ലോസ് ചെയ്തത്. യൂറോപ്യൻ മാർക്കറ്റുകൾ ഉയർന്നാണ് വ്യാപാരം നടത്തുന്നത്.
രൂപയ്ക്ക് നേട്ടം
തുടർച്ചയായ രണ്ടാം ദിവസവും ഉയർന്ന രൂപ ഡോളറിനെതിരേ 21 പൈസ നേട്ടത്തോടെ 87.87ൽ ക്ലോസ് ചെയ്തു. പ്രധാന കറൻസികൾക്കെതിരേ ഡോളറിന്റ മൂല്യം താഴ്ന്നത് രൂപയുടെ മൂല്യം ഉയരുന്നതിനിടയാക്കി. റിസർവ് ബാങ്കിന്റെ ഇടപെടലും ആഭ്യന്തര ഓഹരിവിപണിയിലെ ഉറച്ച പ്രവണതയും നിക്ഷേപകരെ ആവേശഭരിതരാക്കിയെന്ന് ഫോറെക്സ് വ്യാപാരികൾ പറഞ്ഞു.
ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ ഡോളറിനെതിരേ രൂപ 88ൽ താഴെയായി 87.76ലാണ് വ്യാപാരം തുടങ്ങിയത്. വ്യാപാരത്തിനിടെ 87.68 വരെയെത്തി. അവസാനം 87.87ൽ വ്യാപാരം പൂർത്തിയാക്കി. ബുധനാഴ്ച 73 പൈസ താഴ്ന്ന് 88.08ലാണ് ക്ലോസ് ചെയ്തത്.