ശബരിമല ആറാട്ട് ഭക്തിസാന്ദ്രമായി, ഉത്സവം കൊടിയിറങ്ങി
Friday, March 22, 2019 1:24 AM IST
ശബരിമല: 10 നാൾ നീണ്ടുനിന്ന ശബരിമല ഉത്സവത്തിനു സമാപനം കുറിച്ചു പന്പയിൽ ആറാട്ട് നടന്നു.തന്ത്രി കണ്ഠര് രാജീവരുടെയും മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരിയുടെയും കാർമികത്വത്തിലായിരുന്നു ആറാട്ട് ചടങ്ങുകൾ. പന്പയിലെ പുനർനിർമിച്ച ആറാട്ടുകടവിൽ ഉച്ചയോടെ ആറാട്ട് പൂർത്തീകരിച്ചു.
രാവിലെ സന്നിധാനത്തെ പൂജകൾ പൂർത്തിയാക്കി ആറാട്ടുഘോഷയാത്ര പന്പയിലേക്കു പുറപ്പെട്ടു. ആനപ്പുറത്താണ് തിടന്പ് എഴുന്നള്ളിച്ചത്. വാദ്യമേളങ്ങളുടെ അകന്പടിയോടെ നീങ്ങിയ ഘോഷയാത്ര പത്തോടെ പന്പയിലെത്തി. തുടർന്നായിരുന്നു ആറാട്ട് ചടങ്ങുകൾ ആരംഭിച്ചത്.
ആറാട്ടിനു ശേഷം വൈകുന്നേരം നാലുവരെ ഗണപതി ക്ഷേത്രത്തിൽ ദർശനത്തിനു സൗകര്യമുണ്ടായിരുന്നു. നിരവധി അയ്യപ്പഭക്തരാണു പന്പയിലെത്തി അയ്യപ്പവിഗ്രഹം ദർശിച്ചത്. ആറാട്ടിനുശേഷം തിരികെയുള്ള ഘോഷയാത്രയും ഭക്തിസാന്ദ്രമായിരുന്നു. പതിനെട്ടാംപടി കയറി ഘോഷയാത്ര സന്നിധാനത്തെത്തിയതോടെ ഉത്സവക്കൊടിയിറങ്ങി. രാത്രിയിൽ ഹരിവരാസനം ചൊല്ലി നട അടച്ചു. വിഷു, മേട മാസ പൂജകൾക്കായി ഇനി ഏപ്രിൽ 10നു വൈകുന്നേരം നട തുറക്കും.