ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതി: ബൾബ് ടർബൈൻ ഘടകങ്ങൾ ഉറപ്പിച്ചു തുടങ്ങി
Friday, April 19, 2019 12:35 AM IST
കോതമംഗലം: ഭൂതത്താൻകെട്ട് മിനി ജലവൈദ്യുത പദ്ധതിയുടെ വൈദ്യുതി ഉത്പാദനത്തിനുള്ള ബൾബ് ടർബൈനിന്റെ ഘടകങ്ങൾ ഉറപ്പിക്കുന്ന ജോലി പുരോഗമിക്കുന്നു. പദ്ധതി അടുത്ത മാർച്ചോടെ കമ്മീഷൻ ചെയ്യും. ഏറ്റവും സങ്കീർണമായ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. മൂന്നു ജനറേറ്ററുകളാണ് പദ്ധതിക്കുള്ളത്. ഇതിൽ ആദ്യ ജനറേറ്റിനു വേണ്ടിയുള്ള സ്റ്റെയറിംഗ് എന്ന അടിസ്ഥാന ഘടകം ഉറപ്പിച്ചു.
രണ്ടാമത്തെ സ്റ്റെയറിംഗ് ഉറപ്പിക്കുന്നതിനുളള ജോലി പുരോഗമിക്കുകയാണ്. 2020 മാർച്ച് 31ഓടെ ട്രയൽ റണ്‍ നടത്താനാണ് ലക്ഷ്യം. വൈദ്യുതി ഉത്പാദനത്തിന് ബൾബ് ടർബൈൻ എന്ന ചൈനീസ് സാങ്കേതികവിദ്യ കേരളത്തിൽ ആദ്യമായി ഉപയോഗിക്കുന്ന പദ്ധതിയാണിത്. ഇതിന്റെ ഘടകങ്ങൾ ചൈനയിൽ നിന്നു തന്നെയാണ് ഇറക്കുമതി ചെയ്യുന്നത്. സ്റേറ്റർ, റോട്ടർ എന്നീ പ്രധാന ഘടകങ്ങൾ ജൂലൈയിൽ എത്തും. ജനറേറ്റർ ഘടിപ്പിക്കുന്ന ജോലികൾ അടുത്ത ഫെബ്രുവരിയോടെ പൂർത്തീകരിക്കാനാകുമെന്നും അധികൃതർ വ്യക്തമാക്കി.
പദ്ധതിയുടെ വൈദ്യുതി ഉത്പാദന ശേഷി 24 മെഗാവാട്ടാണ്. എട്ട് മെഗാവാട്ട് വീതം ശേഷിയുള്ള മൂന്നു ജനറേറ്ററുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. സിവിൽ വർക്കുകളും വൈദ്യുതി ലൈൻ സ്ഥാപിക്കുന്ന ജോലിയും അവസാനഘട്ടത്തിലാണ്. ഭൂതത്താൻകെട്ട് ഡാം റിസർവോയറിൽ നിന്നു കനാലിലൂടെ വെള്ളം പവർ ഹൗസിലെത്തിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുക. മഴക്കാലത്ത് അധികമായെത്തുന്ന വെള്ളം പൂർണമായും പ്രയോജനപ്പെടുത്താൻ കഴിയുമെന്നതും നേട്ടമാണ്.