മൈനോരിറ്റി സർട്ടിഫിക്കറ്റ്: പ്ലസ് വണ്‍ കമ്യൂണിറ്റി ക്വോട്ട പ്രവേശന പ്രതിസന്ധി തീർന്നില്ല
Monday, May 27, 2019 12:53 AM IST
കൊച്ചി: ന്യൂനപക്ഷ മാനേജ്മെന്റുകൾക്കു കീഴിലുള്ള എയ്ഡഡ് സ്കൂളുകളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറിക്കു കമ്യൂണിറ്റി ക്വോട്ടയിലുള്ള പ്രവേശന നടപടികളിലെ പ്രതിസന്ധിക്ക് അയവില്ല.
ന്യൂനപക്ഷ പദവിയുടെ (മൈനോരിറ്റി സ്റ്റാറ്റസ്) പുതിയ സർട്ടിഫിക്കറ്റില്ലാതെ കമ്യൂണിറ്റി ക്വോട്ട പ്രവേശനം അനുവദിക്കാനാവില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ കടുംപിടുത്തം തുടരുന്നതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്.
കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിനു വിദ്യാർഥികളുടെ വിവരങ്ങൾ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ സോഫ്റ്റ്വെയറിൽ അപ്ലോഡ് ചെയ്യുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഇതോടെ ന്യൂനപക്ഷ മാനേജ്മെന്റുകൾക്കു കീഴിലുള്ള നൂറിലധികം എയ്ഡഡ് സ്കൂളുകളിൽ ഒന്നാം വർഷ ഹയർ സെക്കൻഡറിക്കു കമ്യൂണിറ്റി ക്വോട്ടയിൽ പ്രവേശനം തേടിയ വിദ്യാർഥികൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട മാനേജ്മെന്റുകൾക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു കേന്ദ്ര ന്യൂനപക്ഷ കമ്മീഷനാണു മൈനോരിറ്റി സ്റ്റാറ്റസ് സർട്ടിഫിക്കറ്റ് നൽകേണ്ടത്. വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി മിക്ക സ്കൂളുകൾക്കും സർട്ടിഫിക്കറ്റ് അനുവദിച്ചിട്ടില്ല.
അതതു മാനേജ്മെന്റിനു കീഴിലുള്ള ഹൈസ്കൂളിന്റെ മൈനോരിറ്റി സ്റ്റാറ്റസ് നന്പർ നൽകിയാൽ കമ്യൂണിറ്റി ക്വോട്ട പ്രവേശനത്തിന് കഴിഞ്ഞ വർഷം വരെ അനുമതിയുണ്ടായിരുന്നു. ഇതാണ് ഇക്കുറി ഇല്ലാതായത്.