നാലു ജില്ലകളിലെ കാലാവസ്ഥാ വ്യതിയാനം പഠിക്കുന്നു
Wednesday, August 21, 2019 11:44 PM IST
കൊച്ചി: പ്രകൃതിയിലെ മാറ്റങ്ങൾ കാരണം സമീപകാലത്തായി കാലാവസ്ഥയിൽ വരുന്ന വ്യതിയാനങ്ങളെക്കുറിച്ചു നാലു ജില്ലകളിലെ പഞ്ചായത്തുകളിൽ വിശദമായ പഠനം നടത്തുന്നു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷന്റെ (കില) നേതൃത്വത്തിൽ ആവിഷ്കരിച്ച പ്രത്യേക പദ്ധതിയുടെ ഭാഗമായാണ് കാലാവസ്ഥാ പഠനം.
ആദ്യഘട്ടത്തിൽ ഹോട്ട് സ്പോട്ട് വിഭാഗത്തിൽപ്പെടുന്ന ഇടുക്കി, ആലപ്പുഴ, പാലക്കാട്, വയനാട് ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ പഠനം തുടങ്ങി. ഈ ജില്ലകളിലെ പന്ത്രണ്ടോളം പഞ്ചായത്തുകൾ അതതു പ്രദേശങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങൾ ചർച്ചചെയ്യുന്ന റിപ്പോർട്ടുകൾ തയാറാക്കിക്കഴിഞ്ഞു. റിപ്പോർട്ടിന്മേലുള്ള ചർച്ച വരുംദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നു കില ഡയറക്ടർ ജോയ് ഇളമണ് പറഞ്ഞു.
പ്രളയംപോലുള്ള പ്രകൃതിദുരന്തങ്ങൾ വൻനാശനഷ്ടങ്ങളുണ്ടാക്കുന്പോൾ പ്രാദേശികതലം മുതൽ കാലാവസ്ഥ വ്യതിയാനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും അതിനനുസരിച്ചുളള ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുകയുമാണ് മൂന്നു ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയിലൂടെ കില ലക്ഷ്യം വയ്ക്കുന്നത്.
പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, കൃഷി, മൃഗ സംരക്ഷണ ഉദ്യോഗസ്ഥർ, ജൈവ വൈവിധ്യ പരിപാലന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തിയാണ് കാലാവസ്ഥയെക്കുറിച്ചു വിലയിരുത്തൽ നടത്തി റിപ്പോർട്ടുകൾ തയാറാക്കിയിട്ടുള്ളത്. മൂന്നാംഘട്ടത്തിൽ കിലയുടെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ നടത്തിയ അന്വേഷണത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ ഭാവിയിൽ ഈ പ്രദേശങ്ങളിൽ വന്നേക്കാവുന്ന മാറ്റങ്ങൾ മുന്നിൽ കണ്ടുള്ള പ്രവർത്തനത്തിന് മുൻതൂക്കം നൽകും.
കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ അറ്റ്മോസ്ഫെറിക് സയൻസ് വിഭാഗത്തിന്റെ സഹായത്തോടുകൂടിയാണ് കില റിപ്പോർട്ട് തയാറാക്കുന്നത്.
ഒരോ പ്രദേശത്തിന്റെയും ഭൂപ്രകൃതിക്ക് അനുസരിച്ചുള്ള പ്രവർത്തനങ്ങളാണ് ആവിഷ്കരിക്കുന്നത്. ഇത്തരം പ്രവൃത്തികളിലൂടെ പ്രകൃതിയിലുണ്ടാകുന്ന ദുരന്തങ്ങളെ മുൻകൂട്ടി അറിയാനും അവ തടയാനും ഒരുപരിധിവരെ കഴിയുമെന്നാണ് വിലയിരുത്തൽ. നിലവിൽ നാല് ജില്ലകളിലായി 270 പഞ്ചായത്തുകളാണ് ഈ പദ്ധതിയുമായി ചേർന്നു പ്രവർത്തിക്കുന്നത്.
ജെറി എം. തോമസ്