കെഎസ്ആർടിസി ബസ് കയറി വീട്ടമ്മ മരിച്ചു: സംഭവമറിയാതെ ബസ് യാത്ര തുടർന്നു
Friday, August 23, 2019 12:06 AM IST
മൂലമറ്റം: ഭർതൃസഹോദരപുത്രനൊപ്പം ബൈക്കിൽ യാത്രചെയ്യുകയായിരുന്ന വീട്ടമ്മ കെഎസ്ആർടിസി ബസ് കയറി മരിച്ചു. വീട്ടമ്മയുടെ തലയിലൂടെ ടയർ കയറിയിറങ്ങിയത് അറിഞ്ഞില്ലെന്നു ബസ് ജീവനക്കാർ. കാഞ്ഞാർ പറന്പാട്ട് മാധവന്റെ ഭാര്യ അമ്മിണി (55) ആണ് ദാരുണമായി മരിച്ചത്.
ഇന്നലെ രാവിലെ എട്ടോടെ വെള്ളിയാമറ്റത്തിനുസമീപം കറുകപ്പള്ളിയിലാണ് അപകടം. മൂലമറ്റത്തുനിന്നും ദേവരുപാറയ്ക്കു പോകുകയായിരുന്ന കെഎസ്ആർടിസി ബസിനു സൈഡ് നൽകുന്നതിനിടെ തെന്നിമറിഞ്ഞ ബൈക്കിൽനിന്ന് അമ്മിണി ബസിനടിയിലേക്ക് തെറിച്ചു വീഴുകയായിരുന്നു. അപകടത്തിനുശേഷം നിർത്താതെ പോയ ബസ് ദേവരുപാറയിലെത്തി തിരികെ മൂലമറ്റം അന്ത്യൻപാറയിലേക്കു വരുന്ന വഴി നാട്ടുകാർ തടയുകയും കാഞ്ഞാർ പോലീസെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. അപകടവിവരം അറിഞ്ഞില്ലെന്നാണ് ഡ്രൈവർ പോലീസിനു മൊഴി നൽകിയത്.
കാഞ്ഞാർ പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കി തൊടുപുഴ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.