വ്യവസായ ഇടനാഴി; തൃശൂരും പാലക്കാടും ഭൂമി ഏറ്റെടുക്കാൻ നിർദേശം
Saturday, September 21, 2019 11:56 PM IST
തിരുവനന്തപുരം: കൊച്ചി- കോയന്പത്തൂർ വ്യവസായ ഇടനാഴിയുടെ ഭാഗമായി കേന്ദ്രം അനുവദിച്ച നിർമാണ ക്ലസ്റ്ററിനു വേണ്ടി തൃശ്ശൂർ- പാലക്കാട് മേഖലയിൽ 1,860 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കാൻ പാലക്കാട്, തൃശൂർ ജില്ലാ കളക്ടർമാർക്കു മുഖ്യമന്ത്രി നിർദേശം നൽകി.
ഇടനാഴിയുടെ ഭാഗമായി കൊച്ചി മേഖലയിലും വ്യവസായ കേന്ദ്രങ്ങൾ ആരംഭിക്കാൻ അനുയോജ്യമായ ഭൂമി കണ്ടെത്താനും തീരുമാനിച്ചു. ഇടനാഴി പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കോറിഡോർതല അഥോറിറ്റി രൂപീകരണം, നിക്ഡിറ്റുമായി ഓഹരി കരാർ ഒപ്പിടൽ മുതലായ നടപടികളും വേഗത്തിലാക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു.
ചെന്നൈ- ബംഗളൂരു വ്യവസായ ഇടനാഴി കോയന്പത്തൂർ വഴി കൊച്ചിയിലേക്കു നീട്ടാനുള്ള കേരളത്തിന്റെ നിർദേശം കേന്ദ്രസർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ തുടർനടപടി വേഗത്തിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്കും ഏജൻസികൾക്കും നിർദേശം നൽകി. യോഗത്തിൽ ചീഫ് സെക്രട്ടറി ടോം ജോസ്, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. ഇളങ്കോവൻ, റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി. വേണു, കെഎസ്ഐഡിസി എംഡി സഞ്ജയ് കൗൾ എന്നിവരും പങ്കെടുത്തു.