കൂടത്തായി കൊലപാതക പരമ്പര: കൂടുതൽ അറസ്റ്റ് ഉണ്ടായേക്കും
Friday, October 11, 2019 1:07 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിൽ പ്രതിപ്പട്ടികയിലുള്ളവരെ "അഴിച്ചുവിട്ട്' പോലീസ്. തങ്ങൾ കുടുങ്ങില്ലെന്ന ഉറപ്പിൽ ചാനലുകൾക്കുമുൻപിൽ നിരപരാധി ചമയുന്നവരടക്കം ഏതാനും പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങളിൽനിന്നു ലഭിക്കുന്ന സൂചന.
ഇതിനകം പലതവണ മൊഴിയെടുത്ത ഒരാളെ മാപ്പുസാക്ഷി ആക്കിയേക്കും. കൊലപാതകത്തിലോ ജോളിയുടെ ഇടപാടുകളിലോ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് അന്വേഷണത്തിൽ അറിവായ ഇയാളെ മാപ്പുസാക്ഷിയാക്കുകവഴി ജോളിക്കെതിരേ കുരുക്ക് മുറുക്കാനാണ് അന്വേഷണസംഘം ലക്ഷ്യമിടുന്നത് .
ജ്യോത്സ്യനെ ചോദ്യം ചെയ്യും
കോഴിക്കോട്: കുടുംബത്തിലെ സാന്പത്തികപ്രയാസങ്ങൾ ഒഴിവാക്കുന്നതിന് ദുർമന്ത്രവാദം നടത്താൻ റോയിയും ജോളിയും ആശ്രയിച്ച ഇടുക്കി കട്ടപ്പനയിലെ ജ്യോതിഷരത്നം രാധാകൃഷ്ണൻ എന്ന ജ്യോത്സ്യനെ ചോദ്യം ചെയ്യുമെന്ന സൂചന നൽകി ക്രൈംബ്രാഞ്ച്.
ഒളിവിൽപോയ ജ്യോത്സ്യൻ ഇന്നലെ തിരിച്ചെത്തി. ജ്യോത്സ്യനെ ചോദ്യംചെയ്യുന്നതോടെ കേസിന്റെ കൂടുതൽ ചുരുളഴിയുമെന്ന കണക്കുകൂട്ടലിലാണ് അന്വേഷകസംഘം.
മരണത്തിലും ജോളിയുടെ പുനർവിവാഹത്തിലുമടക്കം പങ്കുണ്ടെന്നു സംശയിക്കുന്ന ചിലരെ ഇതുവരെ ചോദ്യം ചെയ്യാൻപോലും വിളിപ്പിച്ചിട്ടില്ല. കസ്റ്റഡിയിൽ ലഭിച്ച ജോളിയെ തെളിവുകളുടെ പിൻബലത്തിൽ വിശദമായി ചോദ്യംചെയ്തശേഷം എല്ലാ പഴുതുമടച്ചാവും സംശയമുള്ളവരെ ചോദ്യം ചെയ്യുക.