സിലിയുടെ 32 പവന്റെ ആഭരണങ്ങൾ കാണാനില്ല
Wednesday, October 16, 2019 12:57 AM IST
കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിക്ക് കുടുംബഓഹരിയായി ലഭിച്ച 30 പവനടക്കം 32 പവന്റെ ആഭരണങ്ങളും മക്കളുടെ ആഭരണങ്ങളും കാണാനില്ല. ഇവ ജോളി കൈവശപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ സിലിയുടെ ബന്ധുക്കൾ പറഞ്ഞു.
സിലി മരിച്ച 2016 ജനുവരി 11ന് താമരശേരിയിൽ പൊന്നാമറ്റത്തിൽ കുടുംബത്തിലെ ബന്ധുവിന്റെ വിവാഹച്ചടങ്ങ് നടന്നിരുന്നു. പള്ളിയിലെ കർമത്തിനു പോകാതെ ഷാജുവും സിലിയും ജോളിയുമൊത്ത് വിവാഹസദ്യയിൽ മാത്രമേ സംബന്ധിച്ചുള്ളൂ. ഭക്ഷണം കഴിച്ചയുടൻ ഷാജുവിനെ ദന്തഡോക്ടറെ കാണിക്കാനായി നൂറുമീറ്റർ മാത്രം അകലെയുള്ള ക്ലിനിക്കിലേക്ക് പോയപ്പോൾ ജോളിയും കാറിൽ കയറി. ചടങ്ങിൽ പങ്കെടുക്കുന്നതിനാൽ, സിലി ഏതാനും ചില ആഭരണങ്ങള്‍ അണിഞ്ഞിരുന്നു.
ക്ലിനിക്കിൽ വച്ച് ജോളിയുടെ മടിയിലേക്ക് സിലി കുഴഞ്ഞുവീണു. ശാന്തി ആശുപത്രിയിലെത്തിച്ച സിലിയുടെ ബാഗും ധരിച്ചിരുന്ന ആഭരണങ്ങളും ആശുപത്രി അധികൃതര്‍ ജോളിയുടെ കൈവശം നല്കി. സിലി മരിച്ചതിനെത്തുടർന്ന് ജോളി ഒരു ബാഗ് സിലിയുടെ സഹോദരൻ സിജോയെ ഏല്പിച്ചു. അദ്ദേഹം ഇത് ഷാജുവിനു കൈമാറി. ഷാജു ഇത് സിലി ഉപയോഗിച്ചിരുന്ന അലമാരയിൽ സൂക്ഷിക്കുകയും ചെയ്തു.
ഷാജു പിന്നീട് ജോളിയെ വിവാഹം ചെയ്തു. സിലിയുടെ ആഭരണങ്ങളെക്കുറിച്ച് സിലിയുടെ ബന്ധുക്കൾ അന്വേഷിച്ചപ്പോൾ അതെല്ലാം പ്രാർഥനാകേന്ദത്തിൽ സിലി നേരത്തെ സംഭാവനചെയ്തതായാണ് ജോളിയും ഷാജുവും മറുപടി പറഞ്ഞത്. ആഭരണങ്ങളിൽ സിലിയുടെ ബന്ധുനൽകിയ ഒരു പവന്റെ വള സംഭാവനചെയ്യാനിടയില്ലെന്ന് സിലിയുടെ ബന്ധുക്കൾ പറഞ്ഞിരുന്നു. ദിവസങ്ങൾക്കകം ജോളിക്കൊപ്പം ഷാജു സിലിയുടെ കല്ലാനോട്ടെ വീട്ടിലെത്തി ഒരു പവന്റെ പുതിയ വള നൽകി. കൂടത്തായി കേസ് പുറത്തറിഞ്ഞതോടെയാണ് സിലിയുടെ ആഭരണങ്ങള്‍ ജോളിയും ഷാജുവും ചേര്‍ന്ന് കൈക്കാലാക്കിയതാവാം എന്ന സംശയം ബന്ധുക്കള്ക്കുണ്ടായത്.
കുഴഞ്ഞുവീണു മരിച്ച ദിവസം അണിഞ്ഞിരുന്ന ആഭരണങ്ങൾ സിലിക്ക് എങ്ങനെ സംഭാവന നൽകാനാവുമെന്നാണ് ബന്ധുക്കൾ ചോദിക്കുന്നത്.