ജുഡീഷൽ അന്വേഷണം വേണം: പി.എസ്. ശ്രീധരൻപിള്ള
Thursday, October 17, 2019 11:37 PM IST
തിരുവനന്തപുരം: തൊഴിയൂരിലെ ബിജെപി പ്രവർത്തകനെ 25 വർഷംമുന്പ് വധിച്ച കേസിൽ നിരപരാധിക്കു ജീവപര്യന്തം ശിക്ഷ വിധിക്കാനിടയായ പോലീസ് നടപടിയെക്കുറിച്ച് ജുഡീഷൽ അന്വേഷണം നടത്തണമെന്ന് ബിജെപി അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണം. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്ക് നൽകിയ സ്ഥാനക്കയറ്റം അംഗീകാരം എന്നിവ പുന:പരിശോധിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട കോടതി നടപടിയിൽ അപാകതയുണ്ടെങ്കിൽ ഹൈക്കോടതി അന്വേഷിച്ച് തിരുത്തണം.
ബിജെപി പ്രവർത്തകരെ വധിച്ചകേസിൽ പോലീസ് മൂന്നാംമുറ പ്രയോഗിച്ച് സിപിഎം പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കിയതായി താനെഴുതിയ സാക്ഷ്യം എന്ന ഗ്രന്ഥത്തിൽ നേരത്തേ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.