പിഎസ് സി പരീക്ഷാ തട്ടിപ്പു നടത്തിയതു സ്മാർട് വാച്ച് ഉപയോഗിച്ചെന്നു കുറ്റസമ്മതം
Wednesday, October 23, 2019 11:37 PM IST
കൊച്ചി: പിഎസ് സി പരീക്ഷാ തട്ടിപ്പു നടത്തിയത് സ്മാർട് വാച്ച് ഉപയോഗിച്ചാണെന്നും തട്ടിപ്പ് നടത്താനുപയോഗിച്ച സ്മാർട് വാച്ചും മൊബൈലും പുഴയിലെറിഞ്ഞു കളഞ്ഞെന്നും ഒന്നാം പ്രതി ശിവരഞ്ജിത്ത് കുറ്റസമ്മതം നടത്തിയതായി ക്രൈംബ്രാഞ്ച് സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സിവിൽ പോലീസ് ഓഫീസർ തസ്തികയിലേക്കുള്ള പിഎസ് സി പരീക്ഷയിൽ തട്ടിപ്പ് നടത്തിയെന്ന കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇ.പി. സുബിൻ ഉൾപ്പെടെ നൽകിയ ഹർജിയിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്.
ഹർജി പരിഗണിച്ച ഹൈക്കോടതി അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകാൻ ക്രൈംബ്രാഞ്ചിന് നിർദേശം നൽകിയിരുന്നു. ഇതനുസരിച്ചു ഡിവൈഎസ്പി കെ. ഹരികൃഷ്ണനാണ് റിപ്പോർട്ട് നൽകിയത്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ വിദ്യാർഥികളും എസ്എഫ്ഐ നേതാക്കളുമായ ശിവരഞ്ജിത്ത്, പ്രണവ്, നസീം എന്നിവരും സഫീർ, ഗോകുൽ എന്നിവരുമാണ് കേസിലെ പ്രതികൾ.
പരീക്ഷാ ദിവസം സഫീറിന്റെ മൊബൈൽ ഫോണിൽനിന്നു തന്റെ സ്മാർട് വാച്ചിലേക്ക് എസ്എംഎസ് മുഖേന ഉത്തരങ്ങൾ ലഭിച്ചെന്നാണ് ശിവരഞ്ജിത്ത് കുറ്റസമ്മതം നടത്തിയത്.
യൂണിവേഴ്സിറ്റി കോളജിലെ മറ്റൊരു വിദ്യാർഥിയായ അഖിലിനെ കുത്തിയ കേസിൽ മൂന്നാറിൽ ഒളിവിൽ കഴിഞ്ഞപ്പോഴാണ് സ്മാർട് വാച്ചും മൊബൈലും പുഴയിൽ കളഞ്ഞതെന്നും ശിവരഞ്ജിത്ത് വ്യക്തമാക്കി.
സമാനമായ രീതിയിൽ മറ്റു രണ്ടു പ്രതികളും സ്മാർട് വാച്ചുകൾ നശിപ്പിച്ചതായി പറഞ്ഞിട്ടുണ്ട്. ഇവ വാങ്ങിയതെവിടെ നിന്നാണെന്നതടക്കമുള്ള വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ശരിയായ ദിശയിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.