അന്നമ്മയെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് കാഞ്ഞിരവിഷം
Tuesday, November 12, 2019 11:33 PM IST
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പര കേസിലെ ആദ്യ ഇര പൊന്നാമറ്റം അന്നമ്മയെ ജോളി കൊലപ്പെടുത്തിയത് പട്ടിക്ക് നല്കുന്ന ‘ഡോഗ്കിൽ’ എന്ന വിഷം ഉപയോഗിച്ചാണെന്ന് സൂചന. ആട്ടിൻസൂപ്പിൽ കീടനാശിനി കലർത്തിയാണ് അന്നമ്മയെ 2002 ഓഗസ്റ്റ് 22ന് കൊലപ്പെടുത്തിയത് എന്നായിരുന്നു മുഖ്യപ്രതി ജോളിയുടെ ആദ്യ മൊഴി. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കാഞ്ഞിരത്തിന്റെ വേരിൽനിന്ന് തയാറാക്കുന്ന ‘ഡോഗ് കിൽ’ വിഷമാണ് ഉപയോഗിച്ചതെന്ന് ജോളി മൊഴി മാറ്റിയത്.
തുടർന്നു നടത്തിയ അന്വേഷണത്തിൽ, 2002 ഓഗസ്റ്റ് 22ന് ഏതാ നും ദിവസങ്ങൾക്ക് മുൻപ് കൂടത്തായി സ്വദേശിനി കോഴിക്കോട് ജില്ലാ മൃഗാശുപത്രിയിൽനിന്ന് വിഷം വാങ്ങിയതിന്റെ രേഖകൾ പോലീസ് പിടിച്ചെടുത്തു. ജോളിയുടെ പേരിനു സമാനമായ മറ്റൊരു പേരാണ് ആശുപത്രി രജിസ്റ്ററിൽ എഴുതിയിരിക്കുന്നത്. എന്നാൽ സ്ഥലനാമം കൂടത്തായി എന്നാണ്.
രജിസ്റ്ററിലെ കൈയക്ഷരം ജോളിയുടേതാണെന്ന് ഏറെക്കുറെ സ്ഥിരീകരിച്ചു. കൈയക്ഷരത്തിന്റെ ഫോറൻസിക് പരിശോധന നടത്തും. നായയെ കൊല്ലാനാണെങ്കിൽ സ്വന്തം പേരിൽ വാങ്ങാമെന്നിരിക്കെ ജോളി കൊലപാതകം ആസൂത്രണം ചെയ്തതിന് തെളിവായി മൃഗാശുപത്രി രജിസ്റ്റർ മാറുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.
ബാബു ചെറിയാൻ