ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീപിടിച്ചു
Wednesday, November 13, 2019 12:15 AM IST
കടുത്തുരുത്തി: ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിനു തീ പിടിച്ചു. കുട്ടികളെ ഇറക്കിയിട്ടു തിരിച്ചു വരുന്പോഴായതിനാൽ വലിയ അപകടം ഒഴിവായി.
കാരിക്കോട് ഫാ. ഗീവർഗീസ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ബസിനാണു തീപിടിച്ചത്. വാഹനത്തിന്റെ ഡ്രൈവർ കാരിക്കോട് വട്ടക്കാട്ടിൽ സജീവൻ, ആയ കാരിക്കോട് കൂവപ്പള്ളിയിൽ ബിന്ദു എന്നിവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഇന്നലെ വൈകുന്നേരം അഞ്ചിനു വെള്ളൂർ പോലീസ് സ്റ്റേഷനു പിറകിലായി സ്കൂളിലേക്കുള്ള കാരിക്കോട്- ഇറുന്പയം കപ്പേള റോഡിലാണ് സംഭവം. ബസ് പൂർണമായും കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന ബസ് പെട്ടെന്നു നിൽക്കുകയും എൻജിന്റെ ഭാഗത്തുനിന്നു തീയും പുകയും ഉയരുകയുമായിരുന്നു. ഇതു കണ്ട ജീവനക്കാർ വാഹനത്തിൽനിന്നു പുറത്തേക്കിറങ്ങി. അല്പസമയത്തിനകം ബസിനെ പൂർണമായും തീവിഴുങ്ങി.
വെള്ളൂർ പോലീസും കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സും ചേർന്നാണു തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നു വെള്ളൂർ എസ്ഐ രഞ്ജിത്ത് കെ. വിശ്വനാഥ് പറഞ്ഞു.