അന്തർസംസ്ഥാന ബസുകളിലെ അമിത ചാർജ്: നടപടിയുണ്ടാകും
Tuesday, December 10, 2019 11:37 PM IST
കൊച്ചി: അവധി ദിനങ്ങൾ മുന്നിൽ കണ്ടു യാത്രക്കാരിൽനിന്ന് അമിത ചാർജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസുകൾക്കെതിരേ നടപടിക്കൊരുങ്ങി മോട്ടോർ വാഹനവകുപ്പ്.
ക്രിസ്മസ്, പുതുവത്സരം അടക്കമുള്ള ആഘോഷവേളകൾ മറയാക്കി അന്തർ സംസ്ഥാന ബസുകൾ യാത്രക്കാരെ പിഴിയുകയാണെന്ന പരാതി വ്യാപകമായതോടെയാണ് കർശന നടപടിയെടുക്കാൻ മോട്ടോർ വാഹന വകുപ്പിന് സർക്കാർ നിർദേശം നൽകിയത്.
ബംഗളൂരുവിൽനിന്ന് എറണാകുളം അടക്കമുള്ള സ്ഥലങ്ങളിലേക്ക് 1,500 രൂപയാണ് കൂടുതൽ ഈടാക്കുന്നത്. ഇക്കാര്യം വെബ്സൈറ്റുകളിൽ നൽകുകയും ചെയ്തിട്ടുണ്ട്. നിയമവിരുദ്ധമായി ഇത്തരത്തിൽ ചാർജ് ഈടാക്കുന്ന അന്തർസംസ്ഥാന ബസുകൾക്കെതിരേ കർശന നടപടി സ്വികരിക്കുമെന്ന് ആർടിഒ (എൻഫോഴ്സ്മെന്റ്) അറിയിച്ചു. വരുംദിവസങ്ങളിൽ ഇക്കാര്യത്തിൽ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.