ചക്കുളത്തുകാവിൽ പൊങ്കാല അർപ്പിച്ചു
Tuesday, December 10, 2019 11:40 PM IST
എടത്വ: സ്ത്രീകളുടെ ശബരിമലയായി അറിയപ്പെടുന്ന നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതിക്ഷേത്രത്തിൽ ഭക്തർ പൊങ്കാല അർപ്പിച്ചു. സമീപ പ്രദേശങ്ങൾ 10.30 ഓടെ യാഗഭൂമിയായി മാറി. തകഴി-തിരുവല്ല-കോഴഞ്ചേരി, ചെങ്ങന്നുർ-പന്തളം, എടത്വ-തകഴി, നീരേറ്റുപുറം-കിടങ്ങറ, പൊടിയാടി-മാന്നാർ-മാവേലിക്കര, എടത്വ-ഹരിപ്പാട് എന്നീ പ്രധാന റോഡുകളിലും ഇടവഴികളിലുമായിട്ടായിരുന്നു പൊങ്കാല അടുപ്പുകൾ നിരന്നത്. ഇതരസംസ്ഥാനങ്ങളിൽനിന്നുൾപ്പെടെ പൊങ്കാല അർപ്പിക്കാനായി ഭക്തർ എത്തിയിരുന്നു.
പുലർച്ച നാലിന് ഗണപതിഹോമത്തിനുശേഷം നിർമാല്യദർശനത്തോടെയാണ് പൊങ്കാല ചടങ്ങുകൾ ആരംഭിച്ചത്. പത്തിന് വിളിച്ചുചൊല്ലി പ്രാർഥനയ്ക്കുശേഷം 10.30ന് പൊങ്കാലയ്ക്ക് തുടക്കം കുറിച്ച് ക്ഷേത്രശ്രീകോവിലിൽനിന്ന് പണ്ടാരപൊങ്കാല അടുപ്പിലേക്കു ക്ഷേത്ര മുഖ്യകാര്യദർശി രാധാകൃഷ്ണൻ നന്പൂതിരി അഗ്നി പകർന്നു.
ഹിന്ദു മഹാമണ്ഡലം പ്രസിഡന്റ് പി.എസ്. നായർ പൊങ്കാല ഉദ്ഘാടനം നിർവഹിച്ചു. പൊങ്കാല ചടങ്ങുകൾക്കു കാര്യദർശി മണിക്കുട്ടൻ നന്പൂതിരി നേതൃത്വം വഹിച്ചു. ഉണ്ണിക്കൃഷ്ണൻ നന്പൂതിരി, അശോകൻ നന്പൂതിരി, രഞ്ജിത്ത് ബി. നന്പൂതിരി, ദുർഗാദത്തൻ നന്പൂതിരി എന്നിവർ കാർമികരായിരുന്നു.
പൊങ്കാലയ്ക്കു മുന്നോടിയായി ആധ്യാത്മിക സംഗമവും നടന്നു.