ആസ്പാക് കൊടകരയിൽ ഇന്ന് ആരംഭിക്കും
Thursday, January 16, 2020 11:37 PM IST
കൊടകര: അമേരിക്ക ആസ്ഥാനമായ കത്തോലിക്കാ പ്രൊലൈഫ് മുന്നേറ്റമായ ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ 22-ാമത് ഏഷ്യ പസഫിക് കോണ്‍ഫറൻസ് (ആസ്പാക് 2020) കൊടകര സഹൃദയ എൻജിനിയറിംഗ് കോളജിൽ ഇന്ന് ആരംഭിക്കും. രാവിലെ എട്ടിനു ദിവ്യബലിക്കു ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യകാർമികത്വം വഹിക്കും.
10 ന് കെസിബിസി ഫാമിലി കമ്മീഷൻ ചെയർമാൻ മാർ പോൾ നെല്ലിശേരി ഉദ്ഘാടനം നിർവഹിക്കും. ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിക്കും. ഹൊസൂർ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ പൊഴോലിപ്പറമ്പിൽ, ഷിക്കാഗോ രൂപത സഹായമെത്രാൻ മാർ ജോയ് ആലപ്പാട്ട് എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. ഹ്യുമൻ ലൈഫ് ഇന്റർനാഷണൽ പ്രസിഡന്റ് ഫാ. ഷെനാൻ ബൊക്കെ (അമേരിക്ക) ആമുഖപ്രഭാഷണം നടത്തും.
ഇന്നു നടക്കുന്ന വിവിധ സെഷനുകൾക്കു ബിഷപ് മാർ ജോസഫ് പാംപ്ലാനി, ഫാ. ഷെനാൻ ബൊക്കെ (അമേരിക്ക), ഫാ. ഫ്രാൻസിസ് കോ ജിയോർഡാനോ (റോം), ഡോ. ബ്രയാൻ ക്ലൗസ് (അമേരിക്ക), ഡോ. ജാക്വലിൻ മൈക്കിൾ (ഓസ്ട്രേലിയ), ഡോ. ബെറ്റ്സി തോമസ്, ഡോ. അബ്രഹാം ജേക്കബ് എന്നിവർ നേതൃത്വം നൽകും.
സമാപന സമ്മേളനം 19നു രാവിലെ 10.30നു സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട രൂപത ഫാമിലി അപ്പോസ്തലേറ്റിന്റെ മരിയൻ പ്രോ ലൈഫ് മൂവ്മെന്റാണ് ജീസസ് യൂത്തിന്റെ സഹകരണത്തോടെ കോണ്‍ഫറൻസിന് ആതിഥ്യം വഹിക്കുന്നത്. ഇതാദ്യമായാണ് കേരളത്തിൽ ഈ കോണ്‍ഫറൻസ് നടക്കുന്നത്. 20 രാജ്യങ്ങളിൽനിന്നായി നൂറോളം വിദേശപ്രതിനിധികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും കേരളത്തിൽനിന്നുമായി 500 പ്രതിനിധികളും സംബന്ധിക്കും.
വിദേശപ്രതിനിധികളും ഗോവ, മുംബൈ, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധിസംഘങ്ങളും എത്തിയതായും ഒരുക്കങ്ങൾ പൂർത്തിയായതായും ചെയർമാൻ റവ.ഡോ. നെവിൻ ആട്ടോക്കാരൻ, ജനറൽ കൺവീനർ ഡോ. ഫിന്റോ ഫ്രാൻസിസ് എന്നിവർ അറിയിച്ചു.