യുവജനങ്ങൾക്കു മാർഗദർശനമായി എസ്എംവൈഎം വിഷൻ 2020
Tuesday, January 21, 2020 11:37 PM IST
കാക്കനാട്: എസ്എംവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ സീറോമലബാർ രൂപതകളിലെയും കത്തോലിക്കാ യുവജനങ്ങൾക്കായി വിഷൻ 2020 സംഘടിപ്പിച്ചു.
കാനഡ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കു പഠനത്തിനും തൊഴിലിനുമായി യാത്രയാകാനിരിക്കുന്ന കത്തോലിക്കാ യുവജനങ്ങൾക്കു പ്രോത്സാഹനവും മാർഗനിർദേശവും ദിശാബോധവും നൽകുന്നതിനും വിദേശ രാജ്യങ്ങളിൽ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ അതിജീവിക്കാൻ സജ്ജരാക്കുന്നതിനും സഭയുടെ അജപാലന സേവനങ്ങൾ ലഭ്യമാക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന യുവജനങ്ങൾ ക്രിസ്തുവിനു ചേർന്ന ജീവിതശൈലി സ്വീകരിക്കണമെന്നും അതിന് അവർക്ക് ആവശ്യമായ അജപാലന സേവനങ്ങൾ ലഭ്യമാക്കാൻ ലോകമെന്പാടും വ്യാപിച്ചു കിടക്കുന്ന സീറോ മലബാർ സഭയും സഭാ സംവിധാനങ്ങളും സന്നദ്ധമാണെന്നും കർദിനാൾ ആഹ്വാനം ചെയ്തു.
വിദേശരാജ്യങ്ങളിലേക്കുള്ള പഠന, തൊഴിൽ സാധ്യതകളെക്കുറിച്ചും യുവജനങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സീറോ മലബാർ കാനഡ മിസിസാഗ രൂപത ബിഷപ് മാർ ജോസ് കല്ലുവേലിൽ മുഖ്യപ്രഭാഷണം നടത്തി. സീറോ മലബാർ കൂരിയാ ബിഷപ് മാർ സെബാസ്റ്റ്യൻ വാണിയപുരയ്ക്കൽ അനുഗ്രഹപ്രഭാഷണം നടത്തി.
എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഫാ. ജോസഫ് ആലഞ്ചേരി, സംസ്ഥാന കൗണ്‍സിലർ ആൽവിൻ ജോസ് ഞായർകുളം, ദിവ്യ വിജയൻ, സംസ്ഥാന വൈസ് പ്രസിഡന്റ് അഞ്ജുമോൾ ജോണി പൊന്നന്പേൽ എന്നിവർ പ്രസംഗിച്ചു.