അധ്യാപികയുടെ കൊലപാതകം: സഹഅധ്യാപകനും ഡ്രൈവറും അറസ്റ്റിൽ
Saturday, January 25, 2020 12:55 AM IST
കാസര്‍ഗോഡ്: മഞ്ചേശ്വരം മിയാപദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂൾ അധ്യാപിക ബി.കെ. രൂപശ്രീ(42)യുടെ മരണം കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇതേ സ്കൂളിലെ ചിത്രകലാ അധ്യാപകനായ വെങ്കിട്ടരമണ കാരന്ത്(50), ഇയാളുടെ കാര്‍ഡ്രൈവർ നിരഞ്ജന് എന്നിവരെ അറസ്റ്റ്ചെയ്തു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലടക്കം മുങ്ങിമരണമാണെന്നായിരുന്നു കണ്ടെത്തിയതെങ്കിലും ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്നു തെളിഞ്ഞത്.
സംഭവദിവസം നേരത്തേ സ്കൂളില്‍നിന്നിറങ്ങിയ രൂപശ്രീ ഒരു വിവാഹച്ചടങ്ങിലും മകൾ പഠിക്കുന്ന സ്കൂളിലും പോയതിനുശേഷം വീട്ടിലേക്കു പോകുമ്പോൾ, വെങ്കിട്ടരമണ കാറിൽ കയറ്റി തന്ത്രപൂര്‍വം സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. രൂപശ്രീയുടെ സ്കൂട്ടർ ഈ വഴിയിലുള്ള ദുര്‍ഗിപള്ള എന്ന സ്ഥലത്ത് റോഡരികിൽ പാർക്ക് ചെയ്തതായി കണ്ടെത്തിയിരുന്നു. വീട്ടില്‍വച്ച് രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തിൽ തല താഴ്ത്തിപ്പിടിച്ച് കൊലപ്പെടുത്തുകയും പിന്നീട് മൃതദേഹം നിരഞ്ജന്റെ സഹായത്തോടെ കാറിലിട്ട് കൊണ്ടുപോയി കടലിൽ തള്ളുകയുമായിരുന്നുവെന്നാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.
അധ്യാപകന്റെ കാർ പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍നിന്ന് രൂപശ്രീയുടേതെന്നു സംശയിക്കുന്ന മുടിയിഴകൾ കണ്ടെത്തി. ഇവ വിശദമായ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കും.
രൂപശ്രീയുമായി വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകൾ നടത്തിയതിന്റെ പേരിൽ അധ്യാപകൻ നേരത്തെ ആരോപണവിധേയനായിരുന്നു. അധ്യാപകന് വലിയ തുകയുടെ ബാങ്ക് വായ്പ ഉണ്ടായിരുന്നതായും അതിന് രൂപശ്രീ ജാമ്യം നിന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തി.
അധ്യാപികയുടെ സ്കൂട്ടർ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ചു കിലോമീറ്ററോളം ദൂരമുണ്ടെന്നുള്ള വസ്തുതയാണ് അന്വേഷണസംഘത്തിന് പ്രധാന സൂചനയായത്. ഇത്രയും ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചിരുന്നില്ല.
സ്കൂട്ടറിൽ ആവശ്യത്തിന് പെട്രോൾ ഉണ്ടായിരുന്നു. മറ്റാരുടെയെങ്കിലും കാറിൽ അധ്യാപിക കയറിപ്പോകുകയോ അവരെ ബലമായി കയറ്റിക്കൊണ്ടുപോകുകയോ ചെയ്തതാണെന്ന സൂചനയാണ് ഇതില്‍നിന്നു ലഭിച്ചത്.
കഴിഞ്ഞദിവസം മഞ്ചേശ്വരം കണ്വതീര്‍ഥ കടപ്പുറത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ച അധ്യാപികയുടെ ഹാന്‍ഡ് ബാഗ് പോലീസിന് കൈമാറിയിരുന്നു. ഇതിനകത്തുള്ള കടലാസുകള്‍ നനഞ്ഞുകുതിര്ന്നനിലയിലായിരുന്നു. രൂപശ്രീ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈലുകളില്‍ ഒന്ന് വീട്ടില്തന്നെയുണ്ടായിരുന്നു. രണ്ടാമത്തെ മൊബൈല്‍ മൃതദേഹം തള്ളുന്നതിനുമുമ്പ് പ്രതി കൈവശപ്പെടുത്തിയിരിക്കാനുള്ള സാധ്യത അന്വേഷിക്കുന്നുണ്ട്. ഈ മൊബൈലും രൂപശ്രീയുടെ വസ്ത്രങ്ങളും എവിടെയാണെന്നത് അറിയുന്നതിനായി പ്രതികളെ ചോദ്യംചെയ്തുവരികയാണ്.
കഴിഞ്ഞ16ന് വൈകുന്നേരമാണ് രൂപശ്രീയെ കാണാതായത്. തുടർന്ന് ഒന്നരദിവസത്തോളം നടത്തിയ അന്വേഷണത്തിലാണ് കോയിപ്പാടി കടപ്പുറത്ത് തലമുടി പൂർണമായി കൊഴിഞ്ഞ് വിവസ്ത്രമായ നിലയിൽ മൃതദേഹം കാണപ്പെട്ടത്.
ആദ്യം മഞ്ചേശ്വരം പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. സംഭവത്തിൽ വനിതാ കമ്മീഷനും റിപ്പോർട്ട് തേടിയിരുന്നു.