കലാരത്നം വാരണാസി വിഷ്ണു നന്പൂതിരി നിര്യാതനായി
Wednesday, January 29, 2020 12:18 AM IST
മാവേലിക്കര: പ്രശസ്ത മദ്ദള കലാകാരൻ മാവേലിക്കര വാരണാസി ഇല്ലത്ത് കലാരത്നം വാരണാസി വിഷ്ണു നന്പൂതിരി (83) നിര്യാതനായി. വാർധക്യ സഹജമായ അസുഖത്താൽ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നടത്തി. വാരണാസി സഹോദരന്മാർ എന്നറിയപ്പെട്ടിരുന്ന വിഷ്ണുനന്പൂതിരിയും ജേഷ്ഠൻ മാധവൻ നന്പൂതിരിയും ഒരു കാലത്ത് കഥകളി അരങ്ങുകളിലെ നിറസാന്നിധ്യങ്ങളായിരുന്നു.
ജേ്യഷ്ഠന്റെ മരണത്തോടെ വിഷ്ണു നന്പൂതിരി കഥകളി അരങ്ങുകളിൽനിന്നു പിൻവലിഞ്ഞു. പിന്നീട് 2015ൽ സഹോദരന്റെ മകൻ നാരായണൻ നന്പൂതിരിക്കും, ചെറുമകൻ മധു വാരണാസിക്കുവേണ്ടിയും മദ്ദളവാദനം നടത്തിയതാണ് അവസാനത്തെ അരങ്ങ്. കേന്ദ്ര-സംഗീത നാടക അക്കാദമിപുരസ്കാരം ലഭിച്ചിട്ടുണ്ട്. 1972 ൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് കലാരത്നം ബഹുമതി നൽകി ആദരിച്ചു. കേരള കലാമണ്ഡലം വാദ്യ അവാർഡ്, കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, മാവേലിക്കര കഥകളി ആസ്വാദക സംഘത്തിന്റെ വീരശൃംഖല പുരസ്കാരം എന്നിവയും ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ സരസ്വതി അന്തർജനം (പയ്യന്നൂർ കോറോത്ത് വെള്ളിയോട്ട് ഇല്ലം). മക്കൾ: വി. നാരായണൻ നന്പൂതിരി ( മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക്), വി. രാധാദേവി. മരുമക്കൾ: തിരുവല്ല കാരക്കാട് അക്കരമഠം ഈശ്വരൻ നന്പൂതിരി (തിരുവല്ല പുതുക്കുളങ്ങര ദേവീക്ഷേത്ര മേൽശാന്തി), സാവിത്രി ദേവി.