കേരളത്തിൽ 633 പേർ നിരീക്ഷണത്തിൽ
Wednesday, January 29, 2020 12:21 AM IST
തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ പുതുതായി 197 പേരുൾപ്പെടെ കേരളത്തിൽ ആകെ 633 പേർ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. അതിൽ ഏഴു പേർ മാത്രമാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
ഇതുവരെ 16 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതിൽ ഒൻപത് പേരെ ഡിസ്ചാർജ് ചെയ്തു. 10 പേരുടെ സാന്പിളുകൾ പരിശോധനയ്ക്കായി പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ഇതിൽ ആറു പേർക്കും കൊറോണ രോഗബാധയില്ലെന്നു സ്ഥിരീകരിച്ചു. നാല് പേരുടെ പരിശോധനാഫലം ഇനി വരാനുണ്ട്. ഇതുകൂടാതെ സംശയം തോന്നിയ ആറ് പേരുടെ സാന്പിളുകൾ ഇന്നലെ അയയ്ക്കുകയും ചെയ്തു. ഇതുവരെ കേരളത്തിൽ രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും മന്ത്രി അറിയിച്ചു.
കൊച്ചി വിമാനത്താവളത്തിൽ നേരത്തേതന്നെ നിരീക്ഷണ സംവിധാനമുണ്ടായിരുന്നു. തിരുവനന്തപുരം എയർപോർട്ടിലും പുതുതായി നിരീക്ഷണ സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. ചൈനയിലെ വുഹാനിൽനിന്നു വന്നവർ സ്വമേധയാ നിരീക്ഷണത്തിന് തയാറാകണം. ലക്ഷണങ്ങളില്ലാത്തവരെ വീട്ടിൽ തന്നെ പാർപ്പിച്ചാണ് നിരീക്ഷിക്കുന്നത്. ചൈനയിൽ പോയി വന്നവരുണ്ടെങ്കിൽ അടിയന്തരമായി അറിയിക്കേണ്ടതാണ്.രോഗബാധിത പ്രദേശങ്ങളിൽനിന്നും മടങ്ങിവന്നവരും കുടുംബാംഗങ്ങളും ഉൾപ്പെടെ മറ്റുള്ളവരുമായുള്ള സന്പർക്കം പൂർണമായും ഒഴിവാക്കേണ്ടതാണ്.
പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന തലത്തിൽ സ്റ്റേറ്റ് കണ്ട്രോൾ റൂമും ജില്ലാ കണ്ട്രോൾ റൂമും സജ്ജമാക്കിയിട്ടുണ്ട്. ലോകത്തുനിന്ന് കൊറോണ രോഗബാധ പൂർണമായും ഇല്ലാതായെന്ന് ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നതുവരെ നിരീക്ഷണ പ്രക്രിയ തുടരുമെന്നും മന്ത്രി അറിയിച്ചു.