ദക്ഷിണാഫ്രിക്കയിൽ കാഞ്ഞിരപ്പള്ളി സ്വദേശിക്കു പേപ്പൽ മെഡൽ
Wednesday, February 19, 2020 12:02 AM IST
കോട്ടയം: ദക്ഷിണാഫ്രിക്കയിലെ വിദ്യാഭ്യാസ സേവനങ്ങൾക്കു കാഞ്ഞിരപ്പള്ളി ആനക്കല്ല് സ്വദേശിക്കു മാർപാപ്പയുടെ അംഗീകാരം. കറുത്തവർക്കു ഭൂരിപക്ഷമുള്ള ഉംറ്റാറ്റ കനിസ ഹൈസ്കൂളിന്റെയും ചിൽഡ്രൻസ് ഹോമിന്റെയും സ്ഥാപകനും പ്രിൻസിപ്പലുമായ സെബാസ്റ്റ്യൻ വട്ടക്കുന്നേലിനാണു മാർപാപ്പയുടെ ‘ബലേ മെറന്റി’ മെഡൽ ലഭിച്ചത്.
1775ൽ പിയൂസ് ആറാമൻ മാർപാപ്പ പേപ്പൽ ആർമി അംഗങ്ങൾക്ക് ഏർപ്പെടുത്തിയ ഈ ബഹുമതി 1925 മുതൽ ഇതര സേവനങ്ങൾ നടത്തുന്ന അല്മായർക്കും നൽകിത്തുടങ്ങി.
25 വർഷമായി ദക്ഷിണാഫ്രിക്കയിലുള്ള സെബാസ്റ്റ്യൻ കാഞ്ഞിരപ്പള്ളി ആനക്കല്ല് വട്ടക്കുന്നേൽ പരേതരായ മാത്യു- ത്രേസ്യാമ്മ ദന്പതികളുടെ മകനാണ്. ഭാര്യ സാറ വട്ടക്കുന്നേലും മക്കളായ സിഫിയും സിമിയും പ്രവർത്തനങ്ങളിൽ സജീവമാണ്. സിസ്റ്റർ ഡൽഫീന (ഷില്ലോംഗ്), ജോസ് മാത്യു (കട്ടപ്പന), പരേതരായ ജയിംസ്, ജോയി (ആനക്കല്ല്), ആന്റണി (തോടനാൽ), ലിസമ്മ (യുഎസ്എ), എൽസി തൃശൂർ, ഫെലിക്സ് (യുഎസ്എ), റൂബി ഓസ്ട്രേലിയ എന്നിവർ സഹോദരങ്ങളാണ്.