എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യ ധാന്യകിറ്റ്: തീരുമാനം ഇന്ന്
Saturday, March 28, 2020 12:52 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യ ധാന്യകിറ്റ് നൽകുന്ന കാര്യത്തിൽ ഇന്നു തീരുമാനമുണ്ടായേക്കും. ഭക്ഷ്യ സെക്രട്ടറി ഇന്നലെ കൊച്ചിയിലെ സപ്ലൈകോ ആസ്ഥാനത്ത് എത്തി ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. സാമ്പത്തിക ബാധ്യതയും സാധനങ്ങളുടെ ലഭ്യതയും മറ്റും പഠിച്ചു മുഖ്യമന്ത്രിക്കു റിപ്പോർട്ട് നൽകാനാണിത്.
എല്ലാവർക്കും ഭക്ഷ്യ ധാന്യകിറ്റ് സൗജന്യമായി നൽകാനാണ് ആലോചന. എന്നാൽ കോവിഡ് നിരീക്ഷണത്തിലുള്ളവർക്കു നൽകുന്ന സൗജന്യ കിറ്റിലെ പോലെ 16 ഇനങ്ങൾ ഇതിൽ ഉണ്ടാകുമോയെന്ന് ഉറപ്പില്ല. സംസ്ഥാനത്ത് 87.14 ലക്ഷം റേഷൻ കാർഡ് ഉടമകളാണുള്ളത്. ചരക്കു നീക്കം സാവധാനമായതിനാൽ വൻകിട വ്യാപാരികളുടെ സഹായം തേടുന്നതും ആലോചനയിലുണ്ട്. സംസ്ഥാനത്തെ മുഴുവൻ പേർക്കും പലവ്യഞ്ജന കിറ്റുകൾ നൽകുമെന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.