കൊയ്ത്ത്, കയറ്റിറക്ക് ജോലികൾക്കു പ്രത്യേക പ്രോട്ടോകോൾ
Monday, March 30, 2020 12:31 AM IST
ആലപ്പുഴ: മന്ത്രിമാരായ ജി. സുധാകരൻ, പി. തിലോത്തമൻ, വി.എസ്. സുനിൽകുമാർ എന്നിവർ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ വിളിച്ചുകൂട്ടിയ നെല്ലെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലെ തീരുമാനപ്രകാരം കയറ്റിറക്ക് തൊഴിലാളികൾ, യന്ത്രത്തിന്റെ ഡ്രൈവർ, മെക്കാക്കാനിക്, ലോറി ഡ്രൈവർമാർ, മറ്റു തൊഴിലാളികൾ എന്നിവർക്കു ബാധകമാക്കി പ്രത്യേക പ്രോട്ടോകോൾ പുറത്തിറക്കി. നെല്ലുസംഭരണം, കൊയ്ത്ത് എന്നിവയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർക്ക് ഇത് ബാധകമാക്കി. കളക്ടർ എം. അഞ്ജനയുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടമാണ് പ്രോട്ടോകോൾ തയാറാക്കിയത്.
കൊയ്യാൻ പാകമായ പാടശേഖരങ്ങളുടെ പട്ടികയും കൊയ്യേണ്ട തീയതിയും സംബന്ധിച്ചു പ്രിൻസിപ്പൽ കൃഷി ഓഫീസർ പട്ടിക തയാറാക്കും. ഇതു പ്രകാരം കൊയ്ത്ത് നടക്കുന്നെന്നു പിഎ ഉറപ്പാക്കണം. കൊയ്ത്ത് യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ തൊഴിലാളികളെ കോണ്‍ട്രാക്ടർമാർ നിയമിക്കണം. നെല്ല് കൊണ്ടുപോകാൻ വാഹന സൗകര്യം മില്ലുടമകൾ ഒരുക്കണം. ഇതിനു സാധിക്കാതെവരുന്ന പക്ഷം ആർടിമാർ മുഖേന ഇതിനു നടപടി സ്വീകരിക്കും. വാഹനങ്ങളിൽ നന്പർ, ഡ്രൈവറുടെ പേര്, ഫോട്ടോ, യാത്രചെയ്യുന്ന ദിവസം, സ്ഥലം എന്നിവ കരുതണം. ബോട്ട് ആവശ്യമായി വരികയാണെങ്കിൽ പോർട്ട് ഓഫീസർ മുഖേന ഇതു ലഭ്യമാക്കും. സംഭരണത്തിനു ബുദ്ധിമുട്ട് നേരിടുന്ന പക്ഷം മില്ലുടമകൾ പിഎ മുഖാന്തിരം കളക്ടറുമായി ബന്ധപ്പെടണം. കളക്ടർ പിഎ മുഖേന ഇതിനാവശ്യമായ സംഭരണ ശേഷിയുള്ള ഓഡിറ്റോറിയങ്ങളോ ഹാളുകളോ തയാറാക്കി നൽകും.