മതചടങ്ങുകളിൽ അഞ്ച് പേർ
Sunday, April 5, 2020 12:56 AM IST
തിരുവനന്തപുരം: ആരാധനാലയങ്ങളിലെ കർമങ്ങളിൽ അഞ്ചു പേർക്കു പങ്കെടുക്കാമെന്നു പോലീസ് മാർഗനിർദേശം. വെബ്കാസ്റ്റ് സൗകര്യം ഒരുക്കാൻ ശ്രമിക്കണം.
നേരത്തെ ആരാധനകർമങ്ങളിൽ രണ്ടു പേർക്കു മാത്രമായിരുന്നു പോലീസ് അനുമതി. എന്നാൽ, ഇതിലെ ചില പ്രശ്നങ്ങൾ വിവിധ മതനേതാക്കൾ ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ ദിവസം കെസിബിസി പ്രസിഡന്റ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് വൈദികനും ശുശ്രൂഷികളും ഉൾപ്പെടെ അഞ്ചു പേരെ അനുവദിച്ചത്.
ആരാധനാലയങ്ങൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുള്ള പ്രവേശനം അടച്ച ശേഷമേ ആരാധനാകർമം നടത്താവൂ. സമീപം ഹോസ്റ്റലുകളോ കോണ്വെന്റുകളോ ഉണ്ടെങ്കിൽ അവിടെ താമസിക്കുന്നവർക്കായി സിസിടിവി കാമറയുടെ സഹായത്തോടെ ലോക്കൽ ടെലികാസ്റ്റിംഗ് നടത്താൻ ശ്രമിക്കണം. സാമൂഹ്യ അകലം കർശനമായി പാലിക്കണമെന്നും പോലീസ് മേധാവിയുടെ മാർഗനിർദേശത്തിൽ പറയുന്നു.