എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട്: ജനനത്തീയതി തിരുത്തൽ ഇനി എളുപ്പം
Monday, April 6, 2020 12:40 AM IST
കൊച്ചി: കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഓണ്‍ലൈൻ സേവനങ്ങൾ വിപുലപ്പെടുത്താൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംഘടന ഫീൽഡ് ഓഫീസർമാർക്കുള്ള നിർദേശങ്ങൾ പരിഷ്കരിച്ചു. എംപ്ലോയീസ് പ്രോവിഡന്റ് സംഘടനയിലെ ജനന രേഖകളുടെ തെറ്റുകൾ തിരുത്തുന്നതു പിഎഫ് അംഗങ്ങൾക്ക് ഇതുവഴി സുഗമമാകും.
രണ്ടു ജനനത്തീയതികളും തമ്മിൽ മൂന്നു വർഷത്തിൽ കുറഞ്ഞ വ്യത്യാസം ഉണ്ടെങ്കിൽ ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന ജനന തീയതിയാണ് ഇപ്പോൾ ഒൗദ്യോഗിക ജനന തീയതിയായി അംഗീകരിക്കുക. അതിനാൽ പിഎഫ് അംഗങ്ങൾക്ക് ഇപ്പോൾ ഓണ്‍ലൈനായി ഈ തെറ്റ് ശരിയാക്കാൻ അപേക്ഷിക്കാം.
കോവിഡ് -19 മഹാമാരിയുടെ പശ്ചാത്തലത്തിൽ സാന്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രോവിഡന്റ് ഫണ്ട് അംഗങ്ങൾക്ക് ഓണ്‍ലൈനായി വേഗത്തിൽ അപേക്ഷ സ്വീകരിച്ച് തിരിച്ചടയ്ക്കാവുന്ന അഡ്വാൻസുകൾ നല്‍കാമെന്നും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് സംഘടന ഫീൽഡ് ഓഫീസർമാർക്ക് നിർദേശം നൽകി.