സൗജന്യ ഭക്ഷ്യധാന്യ കിറ്റ് ഇന്നുമുതൽ
Thursday, April 9, 2020 1:24 AM IST
ചങ്ങനാശേരി: എല്ലാ റേഷൻ കാർഡ് ഉടമകൾക്കും റേഷൻ കാർഡ് ഇല്ലാത്തവർക്കും 17 വിഭവങ്ങൾ അടങ്ങിയ ഭക്ഷ്യകിറ്റ് സൗജന്യമായി റേഷൻ കടകളിലൂടെ ഇന്നു മുതൽ വിതരണം ആരംഭിക്കും. പ്രധാനമന്ത്രി ഗരീബ് കല്യാണ് യോജന പദ്ധതി പ്രകാരം മുൻഗണനാ കാർഡ് (മഞ്ഞ, പിങ്ക്) ഉടമകൾക്ക് നൽകുന്ന, ഒരു വ്യക്തിക്ക് അഞ്ച് കിലോ സൗജന്യ അരി 21 മുതൽ വിതരണം ആരംഭിക്കും.
അന്ത്യോദയ വിഭാഗത്തിൽ മഞ്ഞ കാർഡിനുളള 5,92,483 കിറ്റുകൾ 14നകവും മുൻഗണനാ വിഭാഗത്തിൽ പിങ്ക് കാർഡിനുളള 21,51,308 കിറ്റുകൾ 21നകവും നീല, വെളള കാർഡുകൾക്കുള്ള 49,85,070 കിറ്റുകൾ ഏപ്രിൽ 30നകവും റേഷൻ കടകളിലുടെ ഈപോസ് പ്രകാരം വിതരണം ചെയ്യും.
ഇന്ന് എസ്ടി വിഭാഗത്തിനും 11ന് ഇതര അന്ത്യോദയ വിഭാഗത്തിനും നൽകും.പോർട്ടബിലിറ്റി സംവിധാനത്തിലൂടെ ഏതു കടയിൽനിന്നും സൗജന്യമായി റേഷൻ വാങ്ങാമെന്നും നൽകാത്ത കടകൾക്കെതിരേ നടപടിയുണ്ടാകമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചിട്ടുണ്ടെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ ദേശീയ ജനറൽ സെക്രട്ടറി ബേബിച്ചൻ മുക്കാടൻ പറഞ്ഞു.
കിറ്റ് അവരവരുടെ റേഷൻ കടകളിൽ നിന്നു മാത്രമേ ലഭിക്കുകയുള്ളു.മുൻഗണനാ വിഭാഗത്തിൽപ്പെട്ട 1.54 കോടി അംഗങ്ങൾക്കാണു കേന്ദ്രപദ്ധതിയിൽപ്പെട്ട അഞ്ചു കിലോ അരി ലഭിക്കുന്നത്.
റേഷൻ കട തുറക്കും
ഇന്നും നാളെയും 11നും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കണമെന്നു സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്.