പെൺകുട്ടിയുടെ വീട് ആക്രമിച്ച പാർട്ടിക്കാർക്കെതിരേ സിപിഎം നടപടി
Thursday, April 9, 2020 10:49 PM IST
പത്തനംതിട്ട: തണ്ണിത്തോട്ടിൽ കോവിഡ് -19 നിരീക്ഷണത്തിൽ കഴിയുന്ന പെണ്‍കുട്ടിയുടെ വീടിനു നേരേയുണ്ടായ കല്ലേറും ആക്രമണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരെ പാർട്ടി അംഗത്വത്തിൽനിന്നു സിപിഎം സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണു പെൺകുട്ടിയുടെ വീട് ആക്രമിച്ചത്. ബുധനാഴ്ചത്തെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തിരുന്നു. പിന്നാലെ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവർ സിപിഎം പ്രവർത്തകരാണെന്നു വ്യക്തമായതോടെയാണ് ഇന്നലെ പാർട്ടി നടപടിയെടുത്തത്.
നിരീക്ഷണത്തിൽ കഴിയുന്ന പെണ്‍കുട്ടിയുടെ വീട് ആക്രമിച്ച നടപടി അങ്ങേയറ്റം മനുഷ്യത്വരഹിതമായ പ്രവർത്തനമാണെന്നു സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തി. കേസിൽ ഉൾപ്പെട്ട പാർട്ടി അംഗങ്ങളായ രാജേഷ്, അശോകൻ, അജേഷ്, സനൽ, നവീൻ, ജിൻസണ് എന്നിവരെ സിപിഎം അംഗത്വത്തിൽനിന്ന് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തതായി ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു അറിയിച്ചു. നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയുടെ പിതാവ് പുറത്തിറങ്ങി നടക്കുന്നുവെന്നാരോപിച്ചു നാട്ടിൽ വാട്സ്ആപ് ഗ്രൂപ്പ് പ്രചാരണവും ഭീഷണിയും നിലനിന്നിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രിക്കു പെണ്‍കുട്ടി പരാതി നൽകിയതിനെത്തുടർന്നാണ് ചൊവ്വാഴ്ച രാത്രി ആക്രമണമുണ്ടായത്. തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു പെൺകുട്ടി പരാതിയിൽ പറഞ്ഞിരുന്നു.
കോയന്പത്തൂരിൽ പഠിക്കുന്ന പെൺകുട്ടി കഴിഞ്ഞ മാർച്ച് 19നു വീട്ടിലെത്തിയതു മുതൽ ക്വാറന്റൈനിലാണ്. പെൺകുട്ടിയുടെ അച്ഛൻ കേബിൾ ടിവി ജോലിക്കാരനാണ്. ഇതുമായി ബന്ധപ്പെട്ട ജോലികൾക്ക് ഇദ്ദേഹം പുറത്തുപോകുന്നതാണു നാട്ടിൽ ചർച്ചയായത്.
ഇതിനിടെ, അറസ്റ്റിലായവർക്കെതിരേ നിസാര വകുപ്പുകൾ മാത്രമാണു പോലീസ് ചുമത്തിയിരിക്കുന്നതെന്ന ആക്ഷേപം ഉയർന്നു. രാജേഷ്, അശോകൻ, അജേഷ് എന്നിവരെ കഴിഞ്ഞദിവസം പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു.