മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ബാങ്ക് വായ്പക്കുള്ള സൗകര്യമേർപ്പെടുത്തണം
Wednesday, May 27, 2020 11:54 PM IST
ചങ്ങനാശേരി: വിദേശരാജ്യങ്ങളിൽനിന്നും തൊഴിൽ നഷ്ടപ്പെട്ടു നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്കു കാർഷിക മേഖലയിൽ ചുവടുറപ്പിക്കാൻ ബാങ്ക് വായ്പക്കുള്ള സൗകര്യമേർപ്പെടുത്തണമെന്ന് ചങ്ങനാശേരി അതിരൂപത പ്രവാസി അപ്പസ്തോലേറ്റ് ഖത്തർ മേഖലാ സമ്മേളനം അഭ്യർഥിച്ചു.
ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം, അതിരൂപത പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം, അതിരൂപതയുടെ ഖത്തർ മേഖലയുടെപ്രതിനിധികൾ എന്നിവരുമായി നടത്തിയ വീഡിയോ കോണ്‍ഫറൻസിൽ വിവിധ ജോലി മേഖലകളെപ്പറ്റിയും തൊഴിൽ സംരംഭങ്ങളെപ്പറ്റിയും സർക്കാർ, സർക്കാരിതര ലോണ്‍ സൗകര്യങ്ങളെപ്പറ്റിയും ചർച്ച ചെയ്യചെയ്തു. കയറ്റുമതി, ഇറക്കുമതി മേഖലകളിൽ തൊഴിൽ സാധ്യത വർധിപ്പിക്കണമെന്നും കൃഷിമേഖല വിപുലപ്പെടുത്താൻ പച്ചക്കറി, ഫലവർഗങ്ങൾ എന്നിവ കൃഷി ചെയ്തു വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതി നടത്തുന്നതിനുവേണ്ട വിപണിയും മറ്റിതര സഹായങ്ങളും ലഭ്യമാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. നോർക്ക റൂട്ട്സുമായി ചേർന്നു നടത്തുന്ന പ്രവർത്തനങ്ങൾ, ആവേ മരിയ ടൂറിസം ഡിപ്പാർട്ട്മെന്റ്, തരിശുഭൂമി കൃഷിഭൂമിയായി മാറ്റുന്ന സ്വദേശം ഹരിതദേശം പദ്ധതി തുടങ്ങി പ്രവാസി അപ്പസ്തോലേറ്റിന്റെ വിവിധ സേവന മേഖലകളെപ്പറ്റി ഡയറക്ടർ ഫാ. റ്റെജി പുതുവീട്ടിക്കളം വിശദീകരിച്ചു. ജോർജ് ജോസഫ് കളപ്പുറത്താറ്റിൽ, റ്റിജു തോമസ് കൂട്ടുങ്കൽ, ജിറ്റോ ജയിംസ് കാരിക്കുഴി, തങ്കച്ചൻ പൊൻമാങ്കൽ, സിബി വാണിയപുരയ്ക്കൽ എന്നിവർ വീഡിയോ കോണ്‍ഫറൻസിലൂടെ നടത്തിയ സമ്മേളനത്തിൽ പങ്കെടുത്തു.