ഓണ്‍ലൈന്‍ പഠനത്തിനു തുല്യ അവസരം സാധ്യമാക്കണം: മാര്‍ ആലഞ്ചേരി
Tuesday, June 30, 2020 11:57 PM IST
കൊച്ചി: കോവിഡ് 19 ന്റെ പശ്ചാത്തലത്തിലുള്ള ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരത്തിനുള്ള സാഹചര്യം ഒരുക്കാന്‍ സര്‍ക്കാരും മറ്റു സംവിധാനങ്ങളും ശ്രമിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസ സാഹചര്യം ലഭ്യമാക്കുന്നതിനായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ പഠനോപകരണ വിതരണ പദ്ധതി കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഏതൊരു പ്രതികൂല സാഹചര്യത്തിലും വിദ്യാഭ്യാസത്തിനു വലിയ പ്രാധാന്യം നല്‍കണമെന്നും കര്‍ദിനാള്‍ പറഞ്ഞു.
ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അധ്യക്ഷത വഹിച്ചു. കൊച്ചി പ്രിസം ടെക്നോളജി മാനേജിംഗ് ഡയറക്ടര്‍ മോഹന്‍ ബേബി കുര്യന് സ്പോണ്സര് ചെയ്ത ടെലിവിഷനുകള്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഏറ്റുവാങ്ങി. ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ജിയോ കടവി, ഭാരവാഹികളായ പി.ജെ. പാപ്പച്ചന്, ഡേവീസ് എടക്കളത്തൂര്‍, ഡോ. ജോസ്കുട്ടി ഒഴുകയില്‍, ബെന്നി ആന്റണി , തോമസ് പീടികയില്‍, ആന്റണി എല്‍. തൊമ്മാന എന്നിവര്‍ പ്രസംഗിച്ചു.