കീം: അപേക്ഷയിൽ അപാകതയുള്ളവർക്ക് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാനാവില്ല
Wednesday, July 8, 2020 12:16 AM IST
തിരുവനന്തപുരം: കേരള എൻജിനിയറിംഗ്/ഫാ ർമസി പ്രവേശന പരീക്ഷയ് ക്കായി അപ്ലോഡ് ചെയ്ത ഫോട്ടോ, ഒപ്പ് എന്നിവയിൽ അപാകതയുള്ള അപേക്ഷകരുടെയും അപേക്ഷാ ഫീസിന്റെ ബാക്കി തുക ഒടുക്കാനുള്ളവരുടെയും അഡ്മിറ്റ് കാർഡ്പോർട്ടലിൽ ലഭ്യമല്ല. ഇവർ മെമ്മോ ഡീറ്റെയിൽസ് എന്ന മെനു ക്ലിക്ക് ചെയ്താൽ അപേക്ഷയിലെ ന്യൂനതകൾ സംബന്ധിച്ച വിവരങ്ങൾ ദൃശ്യമാകും.
അപേക്ഷാ ഫീസ്, ദുബായ് സെന്റർ ഫീസ് എന്നിവയുടെ ബാക്കി തുക അടയ്ക്കാനുള്ള അപേക്ഷകർ ഈ തുക ഓണ്‍ലൈനായി അടയ്ക്കുന്ന മുറയ്ക്ക് അഡ്മിറ്റ് കാർഡ് ലഭ്യമാകും. ന്യൂനതകൾ ഇല്ലാത്ത ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവ അതത് ലിങ്ക് വഴി അപ്ലോഡ് ചെയ്ത് അപാകതകൾ പരിഹരിക്കണം. അപാകതകൾ ഒൻപതിനു ഉച്ചയ്ക്ക് രണ്ടിനു മുന്‍പായി പരിഹരിച്ചാൽ മാത്രമേ അഡ്മിറ്റ് കാർഡ് ലഭിക്കുകയുള്ളൂ.
ഫാക്സ്/ഇ-മെയിൽ മുഖേന അയച്ചുതരുന്ന രേഖകൾ ഒരു കാരണവശാലും പരിഗണിക്കുന്നതല്ല. വ്യക്തിഗത വിവരങ്ങൾ, സംവരണം/മറ്റ് ആനുകൂല്യങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളും ദൃശ്യമാകുന്നതാണ്. അപേക്ഷാ നന്പർ അറിഞ്ഞുകൂടാത്തവർ വെബ്സൈറ്റിലെ അവരുടെ കാൻഡിഡേറ്റ് പോർട്ടലിൽ നൽകിയിട്ടുള്ള ഫൊർഗോട്ട് ആപ്ലിക്കേഷൻ നന്പർ എന്ന ലിങ്കിൽ നിന്നും പേരും മൊബൈൽ നന്പരും നൽകി അപേക്ഷാ നന്പർ കണ്ടുപിടിക്കാം.
പരീക്ഷയ്ക്കെത്തുന്നവർ അടിയന്തര സാഹചര്യത്തിൽ ബന്ധപ്പെടുന്നതിനായി അതാത് ലെയ്സണ്‍ ഓഫീസർമാരുടെ ഫോണ്‍ നന്പർ അഡ്മിറ്റ് കാർഡിൽ ലഭ്യമാക്കിയിട്ടുണ്ട്. കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം.
ഹെൽപ്ലൈൻ : 04712525300.