സ്വപ്നയുടെ നിയമനം: സർട്ടിഫിക്കറ്റ് പരിശോധിക്കാൻ നിർദേശം
Saturday, July 11, 2020 1:25 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷ് ഐടി വകുപ്പിനു കീഴിലുള്ള സ്പേസ് പാർക്കിൽ ഓപ്പറേഷൻ മാനേജർ തസ്തികയിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നിയമിച്ചെന്ന ആരോപണത്തിൽ സർക്കാർ പരിശോധന തുടങ്ങി. സ്പേസ് പാർക്കിൽ ഇവരെ നിയമിച്ച കണ്‍സൾട്ടൻസിയായ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനോട് കേരള ഐടി ഇൻഫ്രാസ്ട്രക്ചർ മാനേജിംഗ് ഡയറക്ടർ വിശദീകരണം തേടി.
സ്വപ്ന വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണോ ജോലി നേടിയത് എന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞു. സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സാണ്. ഇതിനാലാണ് ഇവരോടു വിശദീകരണം തേടിയത്. സ്വപ്നയുടെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്നു വ്യക്തമായിരുന്നു. മഹാരാഷ്ട്രയിലെ സർവകലാശാലയുടെ ബികോം സർട്ടിഫിക്കറ്റായിരുന്നു ഹാജരാക്കിയിരുന്നത്. എന്നാൽ, ഇവിടെ ബികോം കോഴ്സില്ലെന്നു വ്യക്തമായിരുന്നു. യോഗ്യതയില്ലാത്ത വ്യക്തിയെ നിയമിച്ചാൽ പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെതിരേ നടപടിയെടുക്കാനും സാധ്യതയുണ്ട്.