സ്വര്‍ണക്കടത്ത് : രാജ്യാന്തര കണ്ണികൾ; പണം തീവ്രവാദ പ്രവർത്തനങ്ങൾക്കും
Sunday, July 12, 2020 12:40 AM IST
കൊച്ചി: നയതന്ത്ര ചാനൽ വഴി നടന്ന സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് ഉള്‍പ്പെടെയുള്ള പ്രതികള്‍ രാജ്യാന്തര സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. സ്വര്‍ണക്കടത്തിലൂടെ ലഭിക്കുന്ന പണം ഹൈദരാബാദിലെ തീവ്രവാദ സംഘടനയിലേക്ക് ഒഴുകിയിരുന്നെന്നും കരുതുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങൾ കസ്റ്റംസും കേസിലെ ഭീകരവാദ ബന്ധത്തെക്കുറിച്ച് എന്‍ഐഎയുമാണ് അന്വേഷിക്കുന്നത്.
സ്വപ്നയുടെയും മറ്റു പ്രതികളുടെയും സ്വാധീനവും ഉന്നതതല ബന്ധങ്ങളും അന്പരപ്പിക്കുന്നതാണ്. സ്വപ്ന ഈ വര്‍ഷം അഞ്ചുതവണ വിദേശയാത്ര നടത്തിയെന്നും ഇതില്‍ രണ്ടുതവണ ഒരു ഉദ്യോഗസ്ഥന് ഒപ്പമുണ്ടായിരുന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. വിഐപികള്‍ വിദേശത്തേക്കു പോവുകയും വരികയും ചെയ്യുമ്പോള്‍ ഒരു സഹായി ഒപ്പം പോകാറുണ്ട്. ഇവര്‍ ഒരു ഹാന്‍ഡ് ബാഗ് കൈയില്‍ കരുതാറുമുണ്ട്. സംശയം തോന്നിയാലും ഈ ബാഗ് പരിശോധിക്കാന്‍ അധികൃതർ മുതിരാറില്ല. നയതന്ത്രബന്ധത്തെ ബാധിച്ചേക്കുമെന്നു കരുതിയാണ് അത്തരം പരിശോധനകൾ ഒഴിവാക്കുന്നത്. പരിശോധിക്കാൻ മുതിരുന്ന ഉദ്യോഗസ്ഥരെ കള്ളക്കേസ് ആരോപിച്ചും സ്വാധീനമുപയോഗിച്ചും സ്ഥലം മാറ്റുകയുംചെയ്യും. നയതന്ത്ര ബാഗ് വഴി സ്വർണക്കടത്ത് നടന്ന സാഹചര്യത്തിൽ വിഐപികളുടെ സഹായികളുടെ ഹാൻഡ് ബാഗുകളിലും സ്വർണക്കടത്ത് നടന്നിരിക്കാമെന്നാണ് ഇപ്പോൾ സംശയമുയരുന്നത്.
സ്വപ്ന സുരേഷിനും സംഘത്തിനും സ്വര്‍ണക്കടത്തിന് ഉന്നത ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചതിനു വ്യക്തമായ തെളിവ് എന്‍ഐഎയ്ക്കും കസ്റ്റംസിനും ലഭിച്ചുകഴിഞ്ഞു. മുന്‍ ഐടി സെക്രട്ടറി ശിവശങ്കറുമായുള്ള ബന്ധം മാത്രമല്ല, സെക്രട്ടേറിയറ്റിലെ മറ്റുപല പ്രമുഖരുടെ സഹായവും ഇവര്‍ക്കു ലഭിച്ചതായാണു വിവരം.
കള്ളക്കടത്തു സംഘവുമായി ബന്ധമുള്ളവരുടെ പട്ടിക തയാറാക്കി മൊഴിയെടുക്കും. എന്‍ഐഎ ഡിവൈഎസ്പി സി. രാധാകൃഷ്ണപിള്ളയ്ക്കാണ് അന്വേഷണ ചുമതല.
സ്വപ്ന സുരേഷിനും സരിത്തിനും യുഎഇ കോണ്‍സലേറ്റില്‍ ജോലി ലഭിച്ചതിലും ദുരൂഹതയുണ്ട്. 2015 ഡിസംബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയാണ് യുഎഇ കോണ്സലേറ്റിലെ ജീവനക്കാരുടെ നിയമനങ്ങള്‍ നടന്നത്.