നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം: വയറിനുള്ളിൽ രണ്ടു നാണയം കണ്ടെത്തി
Tuesday, August 4, 2020 12:42 AM IST
ആലുവ: നാണയം വിഴുങ്ങിയ മൂന്നു വയസുകാരൻ മരിച്ച സംഭവത്തിൽ കുട്ടിയുടെ വയറ്റിൽ രണ്ടു നാണയങ്ങൾ കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിലാണ് ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങൾ കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി കുട്ടിയുടെ ആന്തരികാവയവങ്ങൾ കാക്കനാട് ലാബിലേക്കു കൈമാറി. ഇതിന്റെ റിപ്പോർട്ട് ലഭിച്ചശേഷമേ അന്തിമ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കൂ. മരണകാരണം ഇതിനുശേഷമേ വ്യക്തമാകൂവെന്നു പോലീസ് അറിയിച്ചു.
ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കൊടിമുറ്റത്ത് വാടകയ്ക്ക് താമസിക്കുന്ന നന്ദിനി-രാജു ദമ്പതികളുടെ മകന് പൃഥ്വിരാജ് ആണ് നാണയം വിഴുങ്ങിയതിനെത്തുടർന്നു ഞായറാഴ്ച പുലർച്ചെ മരിച്ചത്. നാണയം വിഴുങ്ങിയ കുട്ടിയെ മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ ലഭിച്ചില്ലെന്നാക്ഷേപം ഉയർന്നിരുന്നു.
അതിനിടെ, നാണയം വയറിൽ കുടുങ്ങിയതുകൊണ്ടു മാത്രം ആരും മരിക്കാൻ സാധ്യതയില്ലെന്ന് എറണാകുളം ഗവ. മെഡിക്കൽ കോളജിലെ പോലീസ് സർജൻ ഡോ. ടോമി. നാണയം വിഴുങ്ങിയതിനെത്തുടർന്നു മരിച്ച മൂന്നു വയസുകാരന്റെ പോസ്റ്റ്മോർട്ടത്തിനുശേഷം ബിനാനിപുരം പോലീസിനെയാണ് പോലീസ് സർജൻ ഇക്കാര്യം അറിയിച്ചത്.