യുവകർഷകന്റെ മരണം: രണ്ട് വനം ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ
Tuesday, August 4, 2020 12:43 AM IST
പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകർ കസ്റ്റഡിയിലെടുത്ത യുവകർഷകൻ പി.പി. മത്തായി മരിച്ച സംഭവത്തിൽ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ.
ചിറ്റാർ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആർ. രാജേഷ് കുമാർ, ഫോറസ്റ്റ് ഓഫീസർ എ.കെ. പ്രദീപ് കുമാർ എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ഏഴുപേരെ ശനിയാഴ്ച ചിറ്റാറിൽനിന്നു സ്ഥലംമാറ്റിയിരുന്നു. റാന്നി ഡിഎഫ്ഒയെ സ്ഥലംമാറ്റാനും തീരുമാനമായിട്ടുണ്ട്.
കഴിഞ്ഞ 28നു വൈകുന്നേരമാണ് മത്തായിയെ കസ്റ്റഡിയിലെടുത്തത്. നാല് മണിക്കൂറിനുശേഷം മത്തായിയെ കുടുംബവീടിനു സമീപം കിണറ്റിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തെളിവെടുപ്പിനിടെ മത്തായി കിണറ്റിൽ ചാടി മരിച്ചുവെന്നാണ് വനപാലകർ നൽകിയ വിശദീകരണം.
മത്തായിയെ നിയമവിരുദ്ധമായാണ് കസ്റ്റഡിയിലെടുത്തതെന്നു കൊല്ലം മേഖലാ സിസിഎഫ് സഞ്ജിൻകുമാർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കാൻ അദ്ദേഹം കൂടുതൽ സമയം ചോദിച്ചിട്ടുണ്ട്.