കാലവർഷക്കെടുതി: കോട്ടയത്ത് രണ്ട് മരണം കൂടി
Monday, August 10, 2020 11:23 PM IST
കോട്ടയം: കാലവർഷക്കെടുതിയിൽ ജില്ലയിൽ രണ്ടു മരണം കൂടി. വെള്ളത്തിൽ വീണാണു ഇരുവരും മരിച്ചത്. നട്ടാശേരി ആലിക്കൽ കുര്യൻ ഏബ്രഹാം (ഷിബു-61), പെരുന്പായിക്കാട് തോളൂർ തങ്കപ്പന്റെ മകൻ സുധീഷ് (38) എന്നിവരാണു മരിച്ചത്.
നീലിമംഗലത്ത് റോഡിലെ വെള്ളക്കെട്ടിൽ വീണാണു കുര്യൻ ഏബ്രഹാം മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലോടെ മരുമകളുടെ വീട്ടിലേക്കു പോയതാണ്. രാത്രി വൈകിയും വീട്ടിലെത്താതിരുന്നതിനെ തുടർന്നു തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയില്ല. ഇന്നലെ രാവിലെ ഏഴരയോടെ മൃതദേഹം പള്ളിപ്പുറം പാറയിൽ ക്രഷറിനു സമീപത്തെ റോഡിൽ വെള്ളക്കെട്ടിൽനിന്നാണു മൃതദേഹം കണ്ടെടുത്തത്. ഈ ഭാഗത്ത് ആറടിയോളം ഉയരത്തിൽ വെള്ളം ഉണ്ട്. ഫയർഫോഴ്സും പോലീസും ചേർന്നാണ് മൃതദേഹം കരക്കെത്തിച്ചത്. ഭാര്യ: വത്സമ്മ. മക്കൾ: എബിൻ, ബിബിൻ, ബിൻസു. മരുമകൾ: ധന്യ. സംസ്കാരം പിന്നീട് നീലിമംഗലം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ.
സുധീഷ് ശനിയാഴ്ച വൈകുന്നേരം നട്ടാശേരി വായനശാലക്കടുത്ത് കലുങ്കിനുസമീപം തോട്ടിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിപോകുകയായിരുന്നു. ഞായറാഴ്ച ബന്ധുക്കൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയിരുന്നു. ഫയർഫോഴ്സെത്തി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തോട്ടിൽ മൃതദേഹം പൊങ്ങുകയായിരുന്നു. മാതാവ്: ശകുന്തള. സഹോദരൻ: സുരേഷ്. സുധീഷ് അവിവാഹിതനാണ്. സംസ്കാരം പിന്നീട് മുട്ടന്പലം ശ്മശാനത്തിൽ.
മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഇരുവരുടെയും മൃതദേഹങ്ങൾ കോവിഡ് പരിശോധനക്കുശേഷമേ ബന്ധുക്കൾക്കു വിട്ടുനൽകു. ഇതോടെ ജില്ലയിൽ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ എണ്ണം ആറായി.