പ്രവാസികളുടെ ശമ്പളക്കുടിശിക: പരാതി നല്‍കാമെന്നു കേന്ദ്രം ഹൈക്കോടതിയിൽ
Friday, August 14, 2020 12:34 AM IST
കൊച്ചി: കോവിഡ് രോഗവ്യാപനകാലത്ത് വിദേശങ്ങളില്‍ മരിക്കുകയും നാട്ടിലേക്കു മടങ്ങേണ്ടി വരികയും ചെയ്ത പ്രവാസി തൊഴിലാളികളുടെ ശമ്പളക്കുടിശിക ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ബന്ധുക്കള്‍ക്കു പരാതിയുണ്ടെങ്കില്‍ ഇ മൈഗ്രേറ്റ്, മഡാഡ് തുടങ്ങിയ വിദേശകാര്യ മന്ത്രാലയ പോര്‍ട്ടലുകളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. പ്രവാസികളായ തൊഴിലാളികളുടെ ശമ്പളക്കുടിശിക ഗള്‍ഫിലെ സ്പോണ്‍സര്‍മാരില്‍നിന്നു കൈപ്പറ്റാന്‍ നയതന്ത്ര കാര്യാലയങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
നഷ്ടപരിഹാരം, സര്‍വീസ് അവസാനിപ്പിക്കുമ്പോള്‍ ലഭിക്കേണ്ട ആനുകൂല്യങ്ങള്‍, ഇന്‍ഷ്വറന്‍സ് തുടങ്ങിയവയുമായി ബന്ധപ്പെട്ടുള്ള പരാതികളില്‍ നയതന്ത്ര കാര്യാലയങ്ങള്‍ ഇടപെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയിലെ ലോയേഴ്സ് ബിയോണ്ട് ബോര്‍ഡേഴ്സ് എന്ന സംഘടന നല്കിയ ഹര്‍ജിയിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.