രാജ്യസഭാ ഉപതെരഞ്ഞെടുപ്പ് : ലാൽ വർഗീസും ശ്രേയാംസ്കുമാറും പത്രിക നൽകി
Friday, August 14, 2020 12:34 AM IST
തിരുവനന്തപുരം : 24 നു നടക്കുന്ന രാജ്യസഭാ ഉപതെരഞ്ഞെടുപ്പിലേക്ക് യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപ്പകവാടിയും എൽഡിഎഫ് സ്ഥാനാർഥി എം.വി. ശ്രേയാംസ്കുമാറും നാമനിർദേശ പത്രിക നൽകി. തെരഞ്ഞെടുപ്പു റിട്ടേണിംഗ് ഓഫീസർ കൂടിയായ നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർക്കു മുന്‍പാകെയാണ് ഇന്നലെ ഇരു സ്ഥാനാർഥികളും പത്രിക നൽകിയത്.

ഇന്നലെ രാവിലെ 11.30നാണ് ഇടതുമുന്നണി സ്ഥാനാർഥി ശ്രേയാംസ്കുമാർ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഇടതുമുന്നണി കണ്‍വീനർ എ.വിജയരാഘവൻ, മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, രാമചന്ദ്രൻ കടന്നപ്പള്ളി, സി.ദിവാകരൻ എംഎൽഎ, ലോക് താന്ത്രിക് ജനതാദൾ (എൽജെഡി) നേതാവ് ഷേക് പി. ഹാരീസ് എന്നിവരും പത്രിക നൽകാൻ ശ്രേയാംസ്കുമാറിനൊപ്പം ഉണ്ടായിരുന്നു.
\
ഉച്ചയ്ക്കു 12.30-നാണ് യുഡിഎഫ് സ്ഥാനാർഥി ലാൽ വർഗീസ് കൽപകവാടി നാമനിർദേശ പത്രിക നൽകിയത്. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.സി. ജോസഫ് എംഎൽഎ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
എം.വി. ശ്രേയാംസ്കുമാർ രണ്ടു സെറ്റു പത്രികയും ലാൽ വർഗീസ് ഒരു സെറ്റ് പത്രികയുമാണു സമർപ്പിച്ചത്. പത്രികയുടെ സൂക്ഷ്മ പരിശോധന ഇന്നു നടക്കും.