മണിമലയാറ്റിലേക്ക് ചാടിയതായി സംശയിക്കുന്നയാളുടെ മൃതദേഹം കണ്ടെത്തി
Monday, September 21, 2020 12:38 AM IST
കോഴഞ്ചേരി: കാണാതായ ഗൃഹനാഥന്റെ മൃതദേഹം മണിമലയാറ്റില്‍ മുട്ടാര്‍ സഹകരണ ബാങ്കിനു സമീപമുള്ള കടവില്‍ നിന്നു കണ്ടെത്തി.
പുറമറ്റം മുണ്ടമല പുല്ലേലില്‍ പി.പി. രാജു (58)വിന്റെ മൃതദേഹമാണ് ഇന്നലെ ഉച്ചയ്ക്ക് കണ്ടെത്തിയത്. മണിമലയാറിനു കുറുകെയുള്ള വള്ളംകുളം പാലത്തില്‍ നിന്നും ഇയാള്‍ ചാടിയെന്ന സംശയത്തേ തുടര്‍ന്ന് മൂന്നുദിവസമായി തെരച്ചില്‍ തുടരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയാണ് രാജുവിനെ വീട്ടില്‍ നിന്നു കാണാതായത്. ഇയാളെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ വ്യാഴാഴ്ച തന്നെ കോയിപ്രം പോലീസില്‍ പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച രാത്രി പെട്രോളിംഗിനിറങ്ങിയ പോലീസ് സംഘം വള്ളംകുളം പാലത്തിന് മധ്യത്തില്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെത്തി. ബൈക്കിന്റെ പെട്രോള്‍ ടാങ്കിലെ ബാഗില്‍ നിന്നും മൊബൈല്‍ ഫോണും ലഭിച്ചിരുന്നു. തിരുവല്ലയില്‍ നിന്നുള്ള അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ സ്കൂബ ടീം അടക്കം വെള്ളിയാഴ്ച മുതല്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
കെഎസ്ആര്‍ടിസി റിട്ടയേഡ് ഡ്രൈവറാണ് രാജു. ഭാര്യ: പൊന്നമ്മ. മക്കള്‍: പ്രിസ്റ്റണ്‍, പ്രിന്‍സി. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനയ്ക്കും പോസ്റ്റുമോര്‍ട്ടത്തിനും ശേഷമാണ് സംസ്കാരം. രാജുവിന്റെ മകനുവേണ്ടി തവണ വ്യവസ്ഥയില്‍ വാങ്ങിയ മൊബൈല്‍ ഫോണിന്റെ തിരിച്ചടവ് മുടങ്ങിയതിന്റെ പേരില്‍ സ്വകാര്യ പണമിടപാടുകാര്‍ വീട്ടില്‍ വന്ന് ബഹളമുണ്ടാക്കയതിലെ മനോവിഷമത്തിലാണ് രാജു ഇറങ്ങിപ്പോയതെന്ന് വീട്ടുകാര്‍ ആദ്യം പറഞ്ഞിരുന്നെങ്കിലും ഇവരുടെ പരാതിയില്‍ ഇക്കാര്യം പറയുന്നില്ലെന്ന് പോലീസ് പറഞ്ഞു.