കണക്കു തികച്ച് കാലവർഷം; പത്ത് ശതമാനം അധികമഴ
Tuesday, September 22, 2020 1:12 AM IST
തിരുവനന്തപുരം: കാലവർഷക്കാലം അവസാനിക്കാൻ ഒരാഴ്ചകൂടി ബാക്കിനിൽക്കുന്പോൾ കണക്കു തികച്ചു കാലവർഷം. ജൂണ്‍ ഒന്നു മുതൽ സെപ്റ്റംബർ 30 വരെ നീളുന്ന കാലവർഷക്കാലത്ത് 2049.2 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്യേണ്ടത്. എന്നാൽ ഇന്നലെ വരെ പെയ്തത് 2166.3 മില്ലിമീറ്ററാണ്. കഴിഞ്ഞ വർഷം കാലവർഷത്തിൽ 13 ശതമാനം അധികമഴയാണ് സംസ്ഥാനത്ത് പെയ്തത്.
ഇക്കുറി കാലർഷം അവസാനിക്കാൻ ഒരാഴ്ച ബാക്കി നിൽക്കുന്പോൾ തന്നെ പത്ത് ശതമാനം അധികമഴ ലഭിച്ചു. ഏതാനും ദിവസങ്ങൾകൂടി കാലവർഷം സജീവമായി തുടുരുമെന്നാണ് നിലവിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിഗമനം. അങ്ങനെയെങ്കിൽ ഇക്കുറി കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മഴ കാലവർഷത്തിൽനിന്നു ലഭിക്കുമെന്നാണ് പ്രതീക്ഷ.
കാലവർഷം തിമിർത്തു പെയ്തതോടെ ഭൂരിഭാഗം ജില്ലകളിലെയും മഴക്കുറവ് നികത്തപ്പെട്ടു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം മൂന്ന് ജില്ലകളിൽ മാത്രമാണ് മഴക്കുറവ് നിലനിൽക്കുന്നത്. ഇക്കുറി ഏറ്റവും കൂടുതൽ മഴ പെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 38 ശതമാനം അധികമഴയാണ് ഇതിനോടകം ജില്ലയിൽ പെയ്തത്. കോഴിക്കോട് ജില്ലയിൽ 37 ശതമാനവും കണ്ണൂരിൽ 30 ശതമാനവും അധികമഴ പെയ്തു.
ഏറ്റവും കുറച്ചു മഴ പെയ്തത് വയനാട് ജില്ലയിലാണ്. 17 ശതമാനം മഴക്കുറവാണ് ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തൊട്ടുപിന്നിലുള്ള തൃശൂരിൽ 10 ശതമാനവും ഇടുക്കിയിൽ ആറ് ശതമാനവും മഴക്കുറവാണുള്ളതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.