സ്വര്‍ണക്കടത്ത്: മുഖ്യമന്ത്രിയും ശിവശങ്കറും പരസ്പരം സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല
Tuesday, October 20, 2020 1:38 AM IST
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസിന്റെ തുടക്കം മുതല്‍ മുഖ്യമന്ത്രിയും മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും പരസ്പരം സഹായിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
മുഴുവന്‍ ഉത്തരവാദിത്വങ്ങളും ശിവശങ്കര്‍ ഏറ്റെടുക്കുകയാണ്. കേസുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിയും ഓഫീസും അറിഞ്ഞുകൊണ്ടാണു നടന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എംബസിയുമായുള്ള കോണ്ടാക്ട് പോയിന്റ് ശിവശങ്കറാണെന്നു പറഞ്ഞത് മുഖ്യമന്ത്രിക്കും ശിവശങ്കറിനും ഇപ്പോള്‍ ഓര്‍മ്മയില്ല. അന്വേഷണം മുഖ്യമന്ത്രിയിലേക്കാണ് നീളുന്നത്. മുഖ്യമന്ത്രിയിലേക്കും സര്‍ക്കാരിലേക്കും അന്വേഷണം നീങ്ങുന്നതിനാലാണ് സിബിഐക്കെതിരേ കോടതിയെ സമീപിച്ചത് . എത്ര തടസപ്പെടുത്തിയാലും വസ്തുതകള്‍ പുറത്തുവരും. കേരളപ്പിറവിദിനത്തില്‍ യുഡിഎഫ് വഞ്ചനാദിനമായി ആചരിക്കും. ഇരുപതിനായിരത്തിലധികം വാര്‍ഡുകളില്‍ പ്രവര്‍ത്തകര്‍ സത്യഗ്രഹസമരങ്ങള്‍ നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.