സാന്പത്തിക സംവരണം സ്വാഗതാർഹം: മാർ പെരുന്തോട്ടം
Thursday, October 22, 2020 12:56 AM IST
ചങ്ങനാശേരി: സംവരണേതര വിഭാഗങ്ങളിലെ സാന്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10 ശതമാനം സംവരണം പ്രാബല്യത്തിൽ വരുത്തിയ സർക്കാർ നടപടി സ്വാഗതാർഹമെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം. നാളിതുവരെ യാതൊരു പരിഗണനയും ലഭിക്കാതെ പുറന്തള്ളപ്പെട്ടു കിടന്നിരുന്ന ദരിദ്രജനവിഭാഗങ്ങളോട് നീതി പുലർത്തിയ സംസ്ഥാന സർക്കാരിന്റെ നടപടി അഭിനന്ദനാർഹമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭരണ ഘടനാപരമായി ലഭിച്ചിരിക്കുന്ന ഈ സംവരണാനുകൂല്യം സർക്കാർ സ്ഥാപനങ്ങളിൽ അഡ്മിഷനുകൾ ലഭിക്കുന്നതിനും അധ്യാപകനിയമനത്തിലും സർക്കാർ ജോലികളിൽ പ്രവേശിക്കുന്നതിനുമായി പരമാവധി പ്രയോജനപ്പെടുത്താൻ സംവരണപരിധിയിലുള്ളവർ ശ്രദ്ധിക്കണമെന്നും മാർ പെരുന്തോട്ടം പറഞ്ഞു.