വിലക്കയറ്റം: സർക്കാർ നിർജീവം ഉമ്മൻ ചാണ്ടി
Friday, October 23, 2020 12:35 AM IST
തിരുവനന്തപുരം: അവശ്യസാധനങ്ങളുടെ കുത്തനെയുള്ള വിലവർധന മൂലം ജനം നട്ടംതിരിയുന്പോൾ സർക്കാർ കൈയുംകെട്ടി നില്ക്കുകയാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. അഞ്ചുവർഷത്തേക്ക് സപ്ലൈകോ വില കൂട്ടില്ലെന്ന വാഗ്ദാനം കാറ്റിൽപ്പറന്നു.
സവാള വില 25രൂപയിൽനിന്ന് 90 രൂപയും ഉള്ളി 35 രൂപയിൽ നിന്ന് 120 രൂപയിലെത്തി. വെളിച്ചെണ്ണ വില സർക്കാർ 185 രൂപയിൽനിന്ന് 200 ആക്കി. പാമോയിൽ വില 78 രൂപയിൽനിന്ന് 90 ആയി. 2016ൽ ചെറുപയറിന്റെ വില 66 ആയിരുന്നത് ഇപ്പോൾ 74 രൂപ. ശബരി ചായപ്പൊടി 165 രൂപയിൽനിന്ന് 172 ആയി. ചിക്കൻ മസാല, മീറ്റ് മസാല, ഫിഷ് മസാല എന്നിവയുടെ വിലയും കൂട്ടി. സാന്പാർ പൗഡർ, രസം പൗഡർ വില കൂടി. പുട്ട്, അപ്പം പൊടി വില 44 രൂപയിൽനിന്ന് 63 ആയി. വാഷിംഗ് സോപ്പിന്റെ വില 19.50 രൂപയിൽനിന്ന് 22 രൂപയിലെത്തി. നെൽ സംഭരണത്തിലെ ഗുരുതര വീഴ്ചമൂലം കർഷകർ ദുരിതത്തിലായെന്നും ഉമ്മൻ ചാണ്ടി ചൂണ്ടിക്കാട്ടി.