മലയാളി വിദ്യാർഥികൾക്ക് രാജ്യാന്തര പുരസ്കാരം
Saturday, October 24, 2020 12:03 AM IST
കൊച്ചി: യൂറോപ്യന്‍ യൂണിയൻ കീഴിലുള്ള യൂറോപ്യന്‍ ഫുഡ് സ്റ്റഡീസ് ആന്‍ഡ് ട്രെയിനിംഗ് അലയന്‍സ് നടത്തിയ രാജ്യാന്തര പ്രബന്ധ മത്സരത്തില്‍ കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാലയിലെ (കുഫോസ്) വിദ്യാര്‍ഥികള്‍ക്കു പുരസ്കാരം. സ്വന്തം രാജ്യത്തെ ഭക്ഷ്യവൈവിധ്യത്തിന്റെ തനത് സവിശേഷതകള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നതായിരുന്നു മത്സരവിഷയം.
25 രാജ്യങ്ങളിലെ ഫുഡ് സയന്‍സ് വിദ്യാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ കുഫോസിലെ അമല ടോണി, ചിത്ര ഹരിനാരായണന്, എ. അശ്വതി എന്നിവര്‍ ചേര്‍ന്ന് തയാറാക്കിയ പ്രബന്ധം ലോകത്തിലെ മികച്ച പത്ത് പ്രബന്ധങ്ങളില്‍ ഒന്നായി തെരഞ്ഞെടുക്കപ്പെട്ടു. കുഫോസില്‍ എംഎസ്സി ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി മൂന്നാം സെമസ്റ്റര്‍ വിദ്യാര്‍ഥികളാണു മൂവരും.
നാരങ്ങാത്തൊലിയും വാഴനാരും മുരിങ്ങ, പപ്പായ, കൊന്ന എന്നിവയുടെ വിത്തുകളും ഉപയോഗിച്ച് നൂറ് ശതമാനം സുരക്ഷിതമായി കുടിവെള്ളം ശുദ്ധീകരിക്കുന്നതു സംബന്ധിച്ച പ്രബന്ധമാണ് ഇവര്‍ അവതരിപ്പിച്ചത്.ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക പ്രബന്ധം ഇവരുടേതാണ്.