ഭാഗ്യലക്ഷ്മി ഉള്‍പ്പെടെ മൂന്നു പേരുടെ അറസ്റ്റ് 30 വരെ തടഞ്ഞു
Saturday, October 24, 2020 1:00 AM IST
കൊച്ചി: ഫെമിനിസ്റ്റുകള്‍ക്കെതിരേ അശ്ലീലം പറഞ്ഞ് വീഡിയോ പോസ്റ്റ് ചെയ്ത യൂ ട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ പ്രതികളായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവരുടെ അറസ്റ്റ് ഈ മാസം 30 വരെ ഹൈക്കോടതി തടഞ്ഞു.
മൂവരും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. ഹര്‍ജിയില്‍ 30ന് കോടതി വിധി പറയും.
ഹര്‍ജി പരിഗണിക്കവേ, യൂ ട്യൂബറെ ലോഡ്ജില്‍ കയറി മര്‍ദിക്കാന്‍ ധൈര്യം കാണിച്ചവര്‍ ജയില്‍വാസം ഉള്‍പ്പെടെയുള്ള അനന്തരഫലം നേരിടാന്‍ മടി കാട്ടുന്നതെന്തിനാണെന്ന് കോടതി വാക്കാല്‍ ചോദിച്ചു.
അന്വേഷണത്തെയും തുടര്‍നടപടികളെയും നേരിടുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെന്തിനാണ് ? അയാളെ മര്‍ദിച്ചതിനു നിങ്ങള്‍ തന്നെ തെളിവുണ്ടാക്കിയിട്ടുണ്ടല്ലോയെന്നും കോടതി വാക്കാല്‍ പറഞ്ഞു.